ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ആഴ്‌സണല്‍ വീണ്ടും പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്ക്. സീസണിലെ 30-ാം മത്സരത്തില്‍ ലൂട്ടണ്‍ ടൗണിനെ തകര്‍ത്താണ് പീരങ്കിപ്പടയുടെ മുന്നേറ്റം. എമിറേറ്റ്‌സ് സ്റ്റേഡിയം വേദിയായ മത്സരം ആഴ്‌സണല്‍ സ്വന്തമാക്കിയത് എതിരില്ലാത്ത രണ്ട് ഗോളിന്.
മാര്‍ട്ടിൻ ഒഡേഗാര്‍ഡിന്‍റെ ഗോളും ഡൈകി ഹഷിയോകയുടെ സെല്‍ഫ് ഗോളുമാണ് മത്സരത്തില്‍ ഗണ്ണേഴ്‌സിന് ഏകപക്ഷീയമായ ജയം സമ്മാനിച്ചത്. സീസണില്‍ ആഴ്‌സണലിന്‍ 21-ാം ജയമാണിത്. നിലവില്‍ 68 പോയിന്‍റാണ് ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന്.
ലൂട്ടണ്‍ ടൗണിനെതിരായ ജയത്തോടെ ലിവര്‍പൂളിനെ പിന്നിലാക്കിയാണ് ആഴ്‌സണല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചത്. 29 മത്സരങ്ങളില്‍ നിന്നും 67 പോയിന്‍റാണ് അവര്‍ക്കുള്ളത്. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരയ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം.
ലൂട്ടണ്‍ ടൗണിനെതിരായ മത്സരത്തില്‍ ആധികാരികമായിട്ടായിരുന്നു ആഴ്‌സണലിന്‍റെ ജയം. പന്തടക്കത്തിലും പാസിങ്ങിലും പായിച്ച ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം സന്ദര്‍ശകരേക്കാള്‍ മികവ് പുലര്‍ത്താൻ അവര്‍ക്കായി. ആതിഥേയാരായ ആഴ്‌സണലാണ് മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.
എട്ടാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്നും സിഞ്ചെങ്കോ പായിച്ച വെടിയുണ്ട പോലത്തെ ഷോട്ട് ലൂട്ടണ്‍ ടൗണ്‍ ബോക്‌സിനുള്ളില്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. 16-ാം മിനിറ്റില്‍ ലഭിച്ച അവസരം ഹാവെര്‍ട്‌സിന് മുതലാക്കാനായില്ല. പിന്നാലെ, 20-ാം മിനിറ്റില്‍ ഒഡേഗാര്‍ഡിന്‍റെ ദുര്‍ബലമായ ഒരു ഷോട്ടും സന്ദര്‍ശകര്‍ തടഞ്ഞിട്ടു.
24-ാം മിനിറ്റിലാണ് ആതിഥേയരായ ആഴ്‌സണല്‍ ലീഡ് പിടിക്കുന്നത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും നടത്തിയ തകര്‍പ്പൻ നീക്കത്തിനൊടുവിലാണ് ഒഡേഗാര്‍ഡിലൂടെ ആഴ്‌സണല്‍ മുന്നിലെത്തിയത്. ഹാവെര്‍ട്‌സിന്‍റെ പാസ് സ്വീകരിച്ചായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം.
ലൂട്ടണ്‍ ടൗണിന്‍റെ ആൽഫി ഡോട്ടി സഹതാരം പെല്ലി റുഡോക്കിനെ ലക്ഷ്യമാക്കിയാണ് പന്ത് നല്‍കിയത്. എന്നാല്‍, റുഡോക്കിനെ കൃത്യമായി ടാക്കിള്‍ ചെയ്‌ത് എമിൽ സ്‌മിത്ത് റോവ് പന്ത് പിടിച്ചെടുത്ത് ഒഡേഗാര്‍ഡിന് നല്‍കി. ഒഡേഗാര്‍ഡ് നേരെ ഹാവെര്‍ട്‌സിനും പന്ത് കൈമാറി. തുടര്‍ന്ന് ബോക്‌സിനുള്ളില്‍ നിന്നും താരം പന്ത് മറിച്ച് നല്‍കിയതോടെ ഒഡേഗാര്‍ഡ് കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് രണ്ടാം ഗോളും ലൂട്ടണിന്‍റെ വലയില്‍ എത്തി. ബോക്‌സിനുള്ളില്‍ ഗോള്‍മുഖത്ത് നിന്നും സിഞ്ചെങ്കോ റീസ് നെല്‍സണെ ലക്ഷ്യമാക്കി നല്‍കിയ പന്ത് ലൂട്ടണ്‍ ടൗണ്‍ പ്രതിരോധനിര താരം ഡൈകി ഹഷിയോകയുടെ കാലില്‍ തട്ടി ഗോള്‍ വലയില്‍ കയറുകയായിരുന്നു.
തുടര്‍ന്നും നിരവധി പ്രാവശ്യം ലൂട്ടണ്‍ ടൗണിനെ വിറപ്പിക്കാൻ ആഴ്‌സണലിനായി. മറുവശത്ത്, തരക്കേടില്ലാത്ത ചില മുന്നേറ്റങ്ങള്‍ ലൂട്ടണ്‍ ടൗണും നടത്തി. എന്നാല്‍, രണ്ടാം പകുതിയില്‍ ഗോള്‍ അകന്ന് നിന്നതോടെ ആഴ്‌സണല്‍ 2-0 എന്ന സ്കോര്‍ ലൈനില്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.