ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ പൂട്ടി ആസ്റ്റണ്‍ വില്ല. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം സ്വപ്‌നം കണ്ട് എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങിയ ആഴ്‌സണലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആസ്റ്റണ്‍ വില്ല പരാജയപ്പെടുത്തിയത്. ഇതോടെ, പീരങ്കിപ്പടയുടെ കിരീട പ്രതീക്ഷകള്‍ക്കും കനത്ത പ്രഹരമേറ്റിട്ടുണ്ട്.
ലീഗിലെ അതിനിര്‍ണായകമായ മത്സരത്തിലാണ് ആഴ്‌സണലിന് തോല്‍വി വഴങ്ങേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ലൂട്ടണ്‍ ടൗണിനെ 5-1ന് പരാജയപ്പെടുത്തിക്കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചിരുന്നു. തങ്ങള്‍ക്ക് നഷ്‌ടപ്പെട്ട സ്ഥാനം തിരിച്ചുപിടിക്കാൻ പീരങ്കിപ്പടയ്‌ക്ക് ലഭിച്ച അവസരമായിരുന്നു ഹോം ഗ്രൗണ്ടില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരം.
എന്നാല്‍, അവിടെ ആതിഥേയരെ ഞെട്ടിക്കുകയായിരുന്നു സന്ദര്‍ശകര്‍. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിലായിരുന്നു ആസ്റ്റണ്‍ വില്ല ആഴ്‌സണലിന്‍റെ വലയില്‍ പന്ത് എത്തിച്ചത്. ലിയോൺ ബെയിലി, ഒലീ വാറ്റ്‌കിൻസ് എന്നിവരായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ സ്കോറര്‍മാര്‍.
ഗോള്‍രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. 84-ാം മിനിറ്റിലാണ് ലിയോൺ ബെയിലി ആസ്റ്റണ്‍ വില്ലയ്‌ക്കായി ആദ്യ ഗോള്‍ നേടുന്നത്. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ മത്സരത്തിന്‍റെ 87-ാം മിനിറ്റില്‍ ഒലീ വാറ്റ്‌കിൻസ് വില്ലയുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു.
പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായുള്ള പോരാട്ടം മുറുകുന്ന സാഹചര്യത്തില്‍ ഈ തോല്‍വി ആഴ്‌സണലിന് കനത്ത തിരിച്ചടിയാണ്. ലീഗില്‍ ആറ് മത്സരം ശേഷിക്കെ 71 പോയിന്‍റാണ് നിലവില്‍ പീരങ്കിപ്പടയ്‌ക്കുള്ളത്. 73 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
ലിവര്‍പൂളിന് ക്രിസ്റ്റല്‍ പാലസ് 'ഷോക്ക്': പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടു. ആൻഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റല്‍ പാലസ് ലിവര്‍പൂളിനെ തകര്‍ത്തത്. എബരെച്ചെ ഇസ്സെയാണ് പാലസിനായി ഗോള്‍ നേടിയത്.
ലഭിച്ച അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാനാകാതെ പോയതാണ് മത്സരത്തില്‍ ലിവര്‍പൂളിന് തിരിച്ചടിയായത്. മത്സരത്തിന്‍റെ 14-ാം മിനിറ്റില്‍ ഇടതുവിങ്ങിലൂടെ നടത്തിയ നീക്കത്തിലായിരുന്നു ഇസ്സെ ക്രിസ്റ്റല്‍ പാലസിന് ലീഡ് സമ്മാനിച്ചത്. തുടര്‍ന്ന്, തിരിച്ചടിക്കാൻ ലിവര്‍പൂള്‍ കഴിയുന്നത് പോലെയെല്ലാം ശ്രമിച്ചെങ്കിലും അവരില്‍ നിന്നും ഗോള്‍ മാത്രം അകന്ന് നിന്നു.
മത്സരം പരാജയപ്പെട്ടതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ലിവര്‍പൂള്‍. ലീഗില്‍ 32 മത്സരം പൂര്‍ത്തിയായപ്പോള്‍ 71 പോയിന്‍റാണ് അവര്‍ക്കുള്ളത്.