പാരിസ്: പാരിസ് ഒളിമ്പിക്‌സ് വനിതകളുടെ ബോക്‌സിങ് 54 കിലോഗ്രാം വിഭാഗത്തില്‍ വിയറ്റ്നാമിന്‍റെ വോ തി കിം അൻഹിനെ 'ഇടിച്ചിട്ട്' ഇന്ത്യയുടെ പ്രീതി പവാർ. 5-0 എന്ന സ്കോറിനാണ് പ്രീതിയുടെ ജയം. ആറ് തവണ വിയറ്റ്നാം ദേശീയ ചാമ്പ്യയായ താരത്തിനെതിരായ ജയത്തോടെ പ്രീതി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ആദ്യ റൗണ്ടില്‍ വിയറ്റ്നാമീസ് താരത്തിനായിരുന്നു മുന്‍തൂക്കം. ആദ്യ റൗണ്ടിന്‍റെ അവസാന മിനിറ്റുകളിൽ പ്രീതിക്ക് കനത്ത പ്രഹരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ രണ്ടാം റൗണ്ടിൽ പ്രീതി ഗംഭീര തിരിച്ചുവരവ് നടത്തി. ശക്തമായ ചില പഞ്ചുകളും ഹുക്കുകളും എതിരാളിക്ക് നേരെ പ്രീതി തൊടുത്തുവിട്ടു.
മൂന്നാം റൗണ്ടിൽ പ്രീതി പൂര്‍ണമായും അറ്റാക്കിങ് മോഡിലേക്ക് കടന്നു. തുടക്കം മുതൽ തന്നെ വിയറ്റ്നാമീസ് താരത്തെ ബാക്ക്ഫൂട്ടിൽ നിര്‍ത്തി. താരത്തിന്‍റെ പ്രതിരോധങ്ങളൊക്കെയും ദുര്‍ബലമാകുന്ന കാഴ്‌ചയാണ് റിങ്ങില്‍ കണ്ടത്.
കഴിഞ്ഞ വർഷത്തെ ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവാണ് പ്രീതി പവാര്‍. പതിനാറാം റൗണ്ടിൽ രണ്ടാം സീഡ് താരവും ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമായ കൊളംബിയയുടെ മാർസെല യെനി അരിയാസുമായി പ്രീതി ഏറ്റുമുട്ടും. പാരീസ് ഗെയിംസിൽ മൊത്തം ആറ് ഇന്ത്യൻ ബോക്‌സർമാരാണ് മത്സരിക്കുന്നത്. ഇന്ന് (28-07-2024) നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍ നിഖത് സരീൻ ജർമ്മനിയുടെ മാക്സി ക്ലോറ്റ്‌സറിനെ നേരിടും.
Also Read : അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്; പ്രതീക്ഷ പങ്കുവച്ച് ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ ട്രഷറര്‍