മുംബൈ : 2011-ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ എംഎസ് ധോണിയെ (MS Dhoni) മാത്രം മാധ്യമങ്ങളും ആരാധകരും വാഴ്‌ത്തുന്നതില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കാറുള്ള താരമാണ് ഗൗതം ഗംഭീര്‍ ( Gautam Gambhir). ഇന്ത്യയുടെ വിജയത്തില്‍ യുവരാജ് സിങ്, സഹീര്‍ ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്ക് പ്രധാന പങ്കിരിക്കെ ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച ധോണിയുടെ സിക്‌സറിന് മാത്രം വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് ഗംഭീർ പലതവണ പറഞ്ഞിട്ടുണ്ട്.
ബ്രോഡ്‌കാസ്റ്റര്‍മാരും സോഷ്യല്‍ മീഡിയയും ചേര്‍ന്നാണ് ധോണിയെ ഹീറോയാക്കിയതെന്നായിരുന്നു താരത്തിന്‍റെ വാദം. ഇപ്പോഴിതാ ഗംഭീറിന്‍റെ ഈ വാക്കുകള്‍ക്ക് കട്ടപ്പിന്തുണ നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. ഒരാള്‍ക്ക് മാത്രമായി ഒരു ടൂര്‍ണമെന്‍റ് വിജയിക്കാന്‍ കഴിയില്ലെന്നാണ് പ്രവീണ്‍ കുമാര്‍ പറയുന്നത്.
"ഗംഭീര്‍ ഭായ്, പറഞ്ഞത് ഏറെ ശരിയായ കാര്യമാണ്. ഏകദിന ലോകകപ്പില്‍ യുവരാജ് സിങ് 15 വിക്കറ്റുകള്‍ വീഴ്‌ത്തുകയും ഏറെ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്‌തു. സഹീര്‍ ഖാന്‍ 21 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ഗൗതം ഗംഭീര്‍ 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും കൂടുതല്‍ റണ്‍സ് നേടിയിരുന്നു.
2011-ലെ ലോകകപ്പിന്‍റെ ഫൈനലിലാണ് ധോണി റണ്‍സ് നേടിയത്. ബാറ്റർമാരുടെയും ബോളർമാരുടെയും സംഭാവനകൾ ഉണ്ടായാലേ ഒരു ടീമിന് ജയിക്കാനാകൂ. ഒരു ടീം വിജയിക്കുന്നത് അതിലെ മൂന്ന് ബാറ്റർമാരെങ്കിലും ഫോമിലായിരിക്കുകയും രണ്ട് ബോളർമാരെങ്കിലും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുമ്പോഴാണ്. അത് ക്രിക്കറ്റിന്‍റെ ഏത് ഫോര്‍മാറ്റായാലും അങ്ങനെ തന്നെയാണ്.
അല്ലാതെ ഒരൊറ്റ കളിക്കാരന് മാത്രം കിരീടങ്ങള്‍ വിജയിക്കാന്‍ കഴിയില്ല. ഒരാളെ ഹീറോ ആക്കുന്ന സംസ്‌കാരം 1980-കൾ മുതൽ ഇന്ത്യൻ ക്രിക്കറ്റിലുണ്ട്. എന്നാല്‍ അതൊരു തെറ്റായ കീഴ്‌വഴക്കമാണ്. ക്രിക്കറ്റിനേക്കാള്‍ വലുതല്ല കളിക്കാര്‍. കൂടുതല്‍ ബ്രാന്‍ഡുള്ള കളിക്കാരനാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്"- പ്രവീണ്‍ കുമാര്‍ ( Praveen Kumar) പറഞ്ഞു.
ALSO READ: അവനില്ലാതെ എങ്ങനെ കപ്പടിക്കും...ടി20 ലോകകപ്പില്‍ സൂപ്പർ താരം ഇന്ത്യൻ ടീമില്‍ വേണമെന്ന് ശ്രീകാന്ത്
അതേസമയം ഇന്ത്യയ്‌ക്കായി 2007 മുതൽ 2011 വരെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് പ്രവീണ്‍ കുമാര്‍. 6 ടെസ്റ്റുകളിലും 68 ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലുമാണ് താരം ഇറങ്ങിയിട്ടുള്ളത്. ആറ് ടെസ്റ്റുകളില്‍ നിന്ന് 27 വിക്കറ്റുകളും 10 ടി20 മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളും 68 ഏകദിനങ്ങളിൽ നിന്ന് 77 വിക്കറ്റുകളുമാണ് വീഴ്‌ത്തിയിട്ടുള്ളത്.
ALSO READ: 'വിരാട് കോലിക്കൊപ്പം ബാബർ അസം ആർസിബിയില്‍'...പാക് ആരാധകന് സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത മറുപടിയിതാ
പന്ത് മികച്ച രീതിയില്‍ സ്വിങ് ചെയ്യാന്‍ കഴിവുണ്ടായിരുന്ന പ്രവീണ്‍ കുമാര്‍ 2008-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്‍റെ കോമൺവെൽത്ത് ബാങ്ക് സിരീസ് വിജയത്തിൽ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ALSO READ: അയാളെന്താ ചന്ദ്രനില്‍ നിന്നും പൊട്ടിമുളച്ചതോ?; ഹാര്‍ദിക്കിനെതിരെ തുറന്നടിച്ച് പ്രവീണ്‍ കുമാര്‍