ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad) പാറ്റ് കമ്മിന്‍സ് (Pat Cummins) നയിച്ചേക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഓസ്‌ട്രേലിയയെ ലോക ടെസ്റ്റ് ചമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് എന്നീ കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് 30-കാരനായ പാറ്റ് കമ്മിന്‍സ്.
ഹൈദരാബാദിന്‍റെ മുഖ്യപരിശീലകന്‍ ഡാനിയല്‍ വെട്ടോറിക്കൊപ്പം നേരത്തെ ഓസീസ് ടീമില്‍ പ്രവര്‍ത്തിച്ച പരിചയവും കമ്മിന്‍സിനെ നായകനാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും എയ്ഡൻ മാർക്രത്തിന് (Aiden Markram) കീഴിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിച്ചത്. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഫ്രാഞ്ചൈസിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നാല് വിജയം മാത്രം നേടിയ ഫ്രാഞ്ചൈസിക്ക് പോയിന്‍റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
പക്ഷെ, ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗായ എസ്‌എ20-യില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും മാര്‍ക്രത്തിന്‍റെ നേതൃത്വത്തലിറങ്ങിയ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് (Sunrisers Eastern Cape) ജേതാക്കളായിരുന്നു. എന്നാല്‍ അന്താരാഷ്‌ട്ര തലത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കമ്മിന്‍സിന് കഴിഞ്ഞതാണ് മാനേജ്‌മെന്‍റിനെ തീരുമാനത്തെ സ്വാധീനിച്ചതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദുബായില്‍ നടന്ന ഐപിഎല്‍ താര ലേലത്തില്‍ 20.5 കോടി രൂപയ്ക്കാണ് ഓസീസ് ക്യാപ്റ്റനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്. ഇതിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കനത്ത വെല്ലുവിളി തന്നെ ഹൈദരാബാദിന് മറികടക്കേണ്ടിയും വന്നിരുന്നു.
ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു തുടക്കത്തില്‍ ഓസീസ് സൂപ്പര്‍ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നത്. തുക ഏഴ് കോടി പിന്നിട്ടതോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തുന്നത്. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറി. പിന്നീട് ബാംഗ്ലൂരുമായി പോരടിച്ച് അന്തിമ വിജയം നേടിയ ഹൈദരാബാദ് കമ്മിന്‍സിനേയും കൂടെകൂട്ടി.
ALSO READ: ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ വിളിച്ചു ; ഇഷാന്‍റെ മറുപടി ഇതായിരുന്നു, പുറത്താക്കിയത് വെറുതെയല്ല
ഹൈദരാബാദ് സ്‌ക്വാഡ്: അബ്‌ദുൾ സമദ്, എയ്‌ഡന്‍ മാർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, ഹെൻറിച്ച് ക്ലാസൻ, മായങ്ക് അഗർവാൾ, അൻമോൽപ്രീത് സിംഗ്, അഭിഷേക് ശർമ, മാർക്കോ ജാൻസൻ, വാഷിംഗ്ടൺ സുന്ദർ, ഉപേന്ദ്ര സിംഗ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, സൻവീർ സിംഗ്, ഭുവനേശ്വർ കുമാർ, ടി നടരാജൻ, മായങ്ക് മാർക്കണ്ഡെ, ഉമ്രാന്‍ മാലിക്, ഫസൽഹഖ് ഫാറൂഖി, ഷഹ്‌ബാസ് അഹമ്മദ് (ആർസിബിയിൽ നിന്ന് ട്രേഡ് ചെയ്തത്), ട്രാവിസ് ഹെഡ് (ലേലം - 6.80 കോടി), വനിന്ദു ഹസരംഗ (ലേലം - 1.50 കോടി), പാറ്റ് കമ്മിൻസ് (ലേലം - 20.50 കോടി), ജയദേവ് ഉനദ്ഘട്ട് (ലേലം - 1.60 കോടി), ആകാശ് സിംഗ് (ലേലം - 20 ലക്ഷം), ജാദവേത് സുബ്രമണ്യന്‍ (20 ലക്ഷം).