മുംബൈ : തന്‍റെ കളിക്കാരെ ഏറെ പിന്തുണയ്‌ക്കുന്ന നായകനാണ് രോഹിത് ശര്‍മയെന്ന് (Rohit Sharma) ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാർഥിവ് പട്ടേൽ (Parthiv Patel). ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയും (Hardik Pandya) ജസ്പ്രീത് ബുംറയും (Jasprit Bumrah). ഐപിഎല്‍ (Indian Premier League) കരിയറിന്‍റെ തുടക്കത്തില്‍ പ്രയാസപ്പെട്ട ഹാർദിക്കിനും ബുംറയ്‌ക്കും മുംബൈ ഇന്ത്യന്‍സില്‍ (Mumbai Indians) രോഹിത് ശര്‍മയില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചിരുന്നതായി പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
"രോഹിത് തന്‍റെ കളിക്കാരെ പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് ഞാൻ കരുതുന്നത്. ഇതിനായുള്ള മികച്ച ഉദാഹരണങ്ങളാണ് ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും. 2014-ലാണ് മുംബൈ ഇന്ത്യന്‍സിലേക്ക് ബുംറ എത്തുന്നത്. 2015 ആയപ്പോഴേക്കും ബുംറയുടെ പ്രകടനം മികച്ചതായിരുന്നില്ല.
സീസണിന്‍റെ പകുതിക്കുവച്ച് അവനെ തിരിച്ചയക്കുന്നതിനെക്കുറിച്ച് മാനേജ്‌മെന്‍റ് ആലോചിച്ചിരുന്നു. എന്നാൽ രോഹിത് ബുംറയുടെ കഴിവില്‍ വിശ്വസിച്ചു. 2016 മുതൽ ബുംറയുടെ പ്രകടനം ഏറെ മികച്ചതായിരുന്നു" പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. "ബുംറയ്‌ക്ക് സമാനമാണ് ഹാര്‍ദിക്കിന്‍റേയും കാര്യങ്ങള്‍. 2015-ലാണ് ഹാര്‍ദിക് മുംബൈയിലേക്ക് എത്തുന്നത്. അവന്‍റെ 2016 സീസൺ മികച്ചതായിരുന്നില്ല. പക്ഷേ, മുംബൈയില്‍ രോഹിത് അവനെ ചേര്‍ത്തുനിര്‍ത്തി. അതിനുശേഷമാണ് പാണ്ഡ്യ ഇന്നത്തെ പാണ്ഡ്യയാവുന്നത്" - പാര്‍ഥിവ് പട്ടേല്‍ വ്യക്തമാക്കി.
ഐപിഎല്‍ 2024 (IPL 2024) സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സില്‍ നടക്കുന്ന ക്യാപ്റ്റന്‍സി വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് പാര്‍ഥിവിന്‍റെ വാക്കുകള്‍. പുതിയ സീസണിന് മുന്നോടിയായി രോഹിത്തിനെ മാറ്റി ഹാര്‍ക് പാണ്ഡ്യയ്‌ക്ക് ടീം മാനേജ്‌മെന്‍റ് ചുമതല നല്‍കിയിരുന്നു. ഇതില്‍ ആരാധകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ടീമിന് അകത്തുനിന്ന് തന്നെ അതൃപ്‌തി പരസ്യമായിരുന്നു.
ടീമിന്‍റെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് എല്ലാവരും യോജിച്ച് എടുത്ത തീരുമാനമാണ് ക്യാപ്റ്റന്‍സി മാറ്റമെന്നായിരുന്നു നേരത്തെ മാനേജ്‌മെന്‍റ് അറിയിച്ചിരുന്നത്. പിന്നീട് നടന്ന സംഭവങ്ങള്‍ മാനേജ്‌മെന്‍റിന്‍റെ ഈ വാദത്തിന് തീര്‍ത്തും എതിരായിരുന്നു. ക്യാപ്റ്റന്‍സി മാറ്റത്തെ ന്യായീകരിച്ച മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് എതിരെ രോഹിത്തിന്‍റെ ഭാര്യ റിതിക രംഗത്ത് എത്തിയിരുന്നു.
അടുത്തിടെ മുംബൈ ഇന്ത്യന്‍സ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് തികഞ്ഞ മൗനം പാലിക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയും മാര്‍ക്ക് ബൗച്ചറും ചെയ്‌തത്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റുന്നതിനായി മാനേജ്‌മെന്‍റ് പറഞ്ഞ ഒരു കാരണം എന്തായിരുന്നു എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ വാ തുറന്ന് ഒരക്ഷരം പറയാതെ വെറുതെ തലയാട്ടുകയായിരുന്നു മുംബൈ പരിശീലകന്‍.
ALSO READ: ഐപിഎല്‍ ജഴ്‌സിയില്‍ മൂന്ന് നിറങ്ങള്‍ക്ക് ബിസിസിഐ വിലക്ക് ; വെളിപ്പെടുത്തി പ്രീതി സിന്‍റ
ഉത്തരം വേണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും പറഞ്ഞപ്പോള്‍ തലയാട്ടല്‍ തുടരുകയായിരുന്നു മാര്‍ക്ക് ബൗച്ചര്‍. ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം രോഹിത്തുമായി സംസാരിച്ചിട്ടില്ലെന്ന ഹാര്‍ദിക്കിന്‍റെ വാക്കുകളും ആരാധകരെ ഞെട്ടിച്ചു.