ന്യൂഡല്‍ഹി: പാരിസ് പാരാലിമ്പിക്‌സില്‍ 25 മെഡലെങ്കിലും നേടാനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഇന്ത്യന്‍ പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ദേവേന്ദ്ര ജജാരിയ. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സില്‍ 12 കായിക ഇനങ്ങളിലായി 84 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
മുൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് പ്രമോദ് ഭഗത് ഇന്ത്യൻ ടീമിൽ ഇല്ലാത്തത് വളരെ സങ്കടകരവും നിർഭാഗ്യകരവുമാണെന്ന് ദേവേന്ദ്ര ജജാരിയ പറഞ്ഞു. രണ്ട് തവണ പാരാലിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ ജാവലിൻ ത്രോ താരം കൂടിയാണ് ദേവേന്ദ്ര ജജാരിയ. കളിക്കാരെ സൂക്ഷ്‌മമായി നിരീക്ഷിച്ചതിന് ശേഷമാണ് ഞാൻ ഈ ലക്ഷ്യം വെച്ചത്. അതിശയോക്തി പറയുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം, പക്ഷേ കളിക്കാരുടെ പരിശീലന സെഷനുകൾ ഞാൻ കണ്ടിട്ടുണ്ടെന്ന് ദേവേന്ദ്ര പറഞ്ഞു.
ഇത്തവണ കളിക്കാരുടെ എണ്ണം മുൻ ഗെയിമുകളേക്കാൾ വളരെ കൂടുതലാണ്. അഞ്ച് സ്വർണം ഉൾപ്പെടെ 19 മെഡലുകളുമായി ടോക്കിയോ പാരാലിമ്പിക്‌സ് പട്ടികയിൽ 24-ാം സ്ഥാനത്താണ് ഇന്ത്യ. '25 മെഡലുകൾ നേടാനും മെഡൽ പട്ടികയിൽ ആദ്യ 20ൽ ഇടം നേടാനുമാണ് ഞാൻ ലക്ഷ്യമിടുന്നത്. ടോക്കിയോ പാരാലിമ്പിക്‌സിൽ ഞങ്ങൾക്ക് 56 കളിക്കാർ ഉണ്ടായിരുന്നു, ഇത്തവണ 84 കളിക്കാർ പങ്കെടുക്കും. ബ്ലൈൻഡ് ജൂഡോ, പാരാ സെയിലിങ്, പാരാ സൈക്ലിങ് എന്നിവയിൽ ആദ്യമായി നമ്മുടെ കളിക്കാർ പങ്കെടുക്കുമെന്നും ദേവേന്ദ്ര വ്യക്തമാക്കി.
പ്രമോദ് ഭഗത്തിന് 18 മാസത്തെ വിലക്ക്
ബാഡ്‌മിന്‍റൺ വേൾഡ് ഗവേണിങ് ബോഡി ഭഗത്തിനെ 18 മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തതിനാല്‍ താരത്തിന് പാരീസ് പാരാലിമ്പിക്‌സ് നഷ്‌ടമാകും. ഉത്തേജക വിരുദ്ധ നിയമങ്ങൾ ഭഗത് ലംഘിച്ചതായി സ്‌പോർട്‌സ് ആന്‍റി ഡോപ്പിംഗ് ഡിവിഷൻ കോടതി ഓഫ് ആർബിട്രേഷൻ കണ്ടെത്തിയിരുന്നു. അഞ്ച് തവണ പാരാ ലോക ചാമ്പ്യനായ ഭഗത് തീരുമാനത്തിനെതിരെ സിഎഎസ് അപ്പീൽ ഡിവിഷനിൽ അപ്പീൽ നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ മാസം അത് തള്ളിയിരുന്നു.