പാരീസ്: ഒളിമ്പിക്‌സിനിടെ തന്‍റെ ലൈംഗികതയെക്കുറിച്ചുള്ള വിമർശനങ്ങളുടെയും തെറ്റായ അവകാശവാദങ്ങളേയും തുടര്‍ന്ന് സ്വര്‍ണമെഡല്‍ ജേതാവായ ബോക്‌സര്‍ ഇമാൻ ഖലീഫ് പരാതി നല്‍കിയതായി അഭിഭാഷകന്‍ നബീൽ ബൗഡി പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപം തുടരുന്ന സാഹചര്യത്തിലാണ് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസിലെ പ്രത്യേക യൂണിറ്റിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഖലീഫിനെ ലക്ഷ്യമിട്ട് രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. ബോക്‌സർക്കെതിരായ സ്ത്രീവിരുദ്ധവും വംശീയവും ലൈംഗികതയുമുള്ള കാമ്പെയ്‌നായിട്ടാണ് അഭിഭാഷകന്‍ ഇതിനെ വിശേഷിപ്പിച്ചത്.
ഖലീഫ് ട്രാൻസ്‌ജെൻഡർ ആണെന്നും ഒരു പുരുഷനാണെന്നുമുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചു. അതിനിടെ തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്നത് മനുഷ്യന്‍റെ അന്തസ്സിന് ഹാനികരമാണെന്ന് ഖലീഫ് പറഞ്ഞു. ബോക്‌സിങ്ങിൽ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടുന്ന ആഫ്രിക്കയിൽ നിന്നും അറബ് ലോകത്ത് നിന്നുമുള്ള ആദ്യ വനിതയാണ് ഇമാന്‍. ലിംഗ യോഗ്യതാ വിവാദത്തെ തുടർന്ന് ഒരു വർഷം മുമ്പ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇമാനെ അയോഗ്യയാക്കപ്പെട്ടിരുന്നു.
വനിതാ ബോക്‌സിങ് 66 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് ബോക്‌സർ ലോക ചാമ്പ്യൻ യാങ് ലിയുവിനെ 5-0ന് പരാജയപ്പെടുത്തിയാണ് ഇമാന്‍ സ്വർണ മെഡൽ സ്വന്തമാക്കിയത്. മുന്‍പ് ഇറ്റാലിയൻ താരത്തിനെതിരായ മത്സരത്തിനിടെയാണ് ഇമാന്‍ ഖലീഫ് വിവാദത്തിൽപ്പെടുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ അധിക്ഷേപത്തിന് താരം ഇരയാവുകയും ചെയ്‌തു. ഇറ്റാലിയൻ താരത്തിന് കിട്ടിയ പഞ്ചുകൾക്ക് ശേഷം അവര്‍ മത്സരത്തിൽ നിന്ന് പിന്മാറി. ശേഷം ഇമാൻ ഖലീഫിനെ വിജയിയായി പ്രഖ്യാപിച്ചു.