പാരീസ്: ഒളിമ്പിക്സ് ഫുട്ബോളില്‍ മൊറോക്കോയെ സമനിലയില്‍ തളച്ച് അർജന്‍റീന. അവസാന മിനിറ്റുകൾ വരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു അർജന്‍റീനയുടെ മറുപടി ഗോള്‍. 17 മിനിറ്റ് നീണ്ട ഇഞ്ച്വറി സമയം അര്‍ജന്‍റീനയ്ക്ക് തുണയായി. അർജന്‍റീന സംഘത്തിൽ നികൊളാസ് ഒട്ടമെൻഡി, ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രധാന താരങ്ങളും മൊറോക്കൻ സംഘത്തിൽ ഗോൾകീപ്പർ മുനീർ മുഹമ്മദി, അഷ്റഫ് ഹക്കിമി അടക്കമുള്ള താരങ്ങളുമുണ്ടായിരുന്നു.
ആദ്യ പകുതിയില്‍ തിളങ്ങിയ മൊറോക്കോയുടെ ആദ്യ ഗോള്‍ വലയിലാക്കിയത് സൂഫിയാനെ റഹിമിയാണ്. അകോമാച്ച് നൽകിയ ബാക്ക് ഹീൽ പാസിൽ എൽ കനൗസ് നൽകിയ ക്രോസ് മനോഹരമായി റഹീമി വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പെനൽറ്റിയിലൂടെയായിരുന്നു മൊറോക്കോ ഗോള്‍ നേടിയത്. മൊറോക്കോ രണ്ട് ഗോളുകള്‍ നേടിയതോടെ അർജന്‍റീന ആക്രമണങ്ങളുടെ ആക്കം കൂട്ടി. നിരന്തരം ആക്രമണം തൊടുത്തുവിട്ട അർജന്‍റീനയ്‌ക്ക് പക്ഷേ മൊറോക്കൻ പ്രതിരോധക്കോട്ട തകര്‍ക്കാനായത് അവസാന നിമിഷമാണ്.
67-ാം മിനിറ്റിൽ അർജന്‍റീന ജ്യൂലിയാനോ സിമിയോണിയിലൂടെ ആദ്യ ഗോൾ മടക്കി. ഇതോടെ മൊറോക്കോ പ്രതിരോധത്തിന് ഊന്നല്‍ നല്‍കി. ഇത് അർജന്‍റീന മുതലെടുക്കുകയായിരുന്നു. അവസാന വിസിലടി മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ക്രിസ്റ്റ്യൻ മെദീനയുടെ ഗോള്‍ മൊറോക്കോയുടെ വലയിലെത്തുകയായിരുന്നു. അർജന്‍റീനയുടെ അടുത്ത മത്സരം ശനിയാഴ്ച ഇറാഖിനെതിരെ നടക്കും.
Also Read: 'കിരീടങ്ങളുടെ തോഴന്‍'; കോപ്പ അമേരിക്ക ജയത്തോടെ മെസിക്ക് ലോക റെക്കോഡ്