പാരിസ്: മനു ഭാക്കറിനും ഇന്ത്യക്കും ഇത് ചരിത്രമാകുന്ന ഒളിമ്പിക്‌സാകുമോ. അതെ,.. പാരിസിലെ ഷാറ്ററാക്‌സ് ഷൂട്ടിങ്ങ് റേഞ്ച് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി മാറുകയാണ്. ചരിത്ര നേട്ടത്തിനടുത്താണ് ഈ ഹരിയാനക്കാരി. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലും താരം ഫൈനലില്‍ എത്തിയിരിക്കുകയാണ്.
മൂന്നു സീരീസിലുമായി 590 പോയിന്‍റുമായി ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. 592 പോയിന്‍റ് നേടിയ ഹങ്കേറിയന്‍ ഷൂട്ടര്‍ വെറോണിക്കാ മേജര്‍ ഒളിമ്പിക് റെക്കോഡിന് ഒപ്പമെത്തിയിരുന്നു. പ്രിസിഷനിലും റാപ്പിഡിലും ഒരു പോലെ തിളങ്ങിയ മനു ഭാക്കര്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്‌ചവച്ചത്.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീമിനത്തിലും വെങ്കല മെഡല്‍ നേടി ഒളിമ്പിക്‌സിന്‍റെ ഒറ്റ പതിപ്പില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി നേരത്തെ തന്നെ മനു നേടിയിരുന്നു.
അതേസമയം ക്വാളിഫിക്കേഷന്‍ റൗണ്ടിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരം ഇഷ സിങ് പതിനെട്ടാമതായി. 24 പെര്‍ഫെക്റ്റ് ടെന്നുകളും നേടിയാണ് മനു ക്വാളിഫൈയിങ്ങ് റൗണ്ട് പൂര്‍ത്തിയാക്കിയത്. ശനിയാഴ്ച ഒരുമണിക്കാണ് ഫൈനല്‍.
ഒളിമ്പിക്‌സിലെ മെഡല്‍ വരള്‍ച്ചക്ക് അറുതി വരുത്തിയ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ പാരിസില്‍ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. മെഡല്‍ പ്രതീക്ഷയായിരുന്ന സിഫ്‌ത് കൗര്‍ സമറ മാത്രം നിരാശപ്പെടുത്തിയപ്പോള്‍ അര്‍ജുന്‍ ബബൂതയക്ക് നേരിയ വ്യത്യാസത്തിനാണ് മെഡല്‍ നഷ്‌ടമായത്.