പാരിസ് (ഫ്രാൻസ്) : 33-ാം ഒളിമ്പിക്‌സിന് പാരിസിൽ ഇന്നലെ (ജൂലൈ 26) ഔദ്യോഗികമായി തുടക്കമായി. സെൻ നദിയില്‍ നടന്ന പരേഡില്‍ ഇന്ത്യയുടെ പതാകയേന്തിയത് ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നിസ് താരം ശരത് കമാലും ചേർന്നായിരുന്നു. ചരിത്രത്തിലാദ്യമായാണ് പ്രധാനവേദിക്ക് പുറത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ബാഡ്‌മിന്‍റണ്‍, തുഴച്ചില്‍, ഷൂട്ടിങ്, ടെന്നിസ്, ടേബിള്‍ ടെന്നിസ്, ബോക്‌സിങ്, ഹോക്കി എന്നീ കായിക ഇനങ്ങളിലാണ് ഇന്ത്യൻ സംഘം ഇന്ന് (ജൂലൈ 27) മത്സരിക്കുക.
12:30 PM - സിംഗിൾ സ്‌കൾസ് ഹീറ്റ്‌സിൽ ബൽരാജ് പൻവാർ റോവിങിൽ മത്സരിക്കും.
12:30 PM - 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം യോഗ്യത റൗണ്ടിൽ മത്സരിക്കും. ഇളവേനിൽ വാളറിവാൻ, സന്ദീപ് സിങ് എന്നിവരടങ്ങിയതാണ് ഒരു ടീം. മിത ജിൻഡാൽ, അർജുൻ ബബുത എന്നിവരാണ് രണ്ടാമത്തെ ടീം. യോഗ്യത നേടിയല്‍ മെഡല്‍ പോരാട്ടവും ഇന്നുണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് മത്സരം.
02 PM - ഷൂട്ടിങ് (പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്‌റ്റള്‍ ക്വാളിഫിക്കേഷൻ) നടക്കും. അർജുൻ സിങ് സീമ, സരബ്‌ജോത് സിങ് എന്നിവരാണ് മത്സരിക്കുന്നത്.
03.30 PM - ടെന്നിസ് (പുരുഷ വിഭാഗം ഡബിള്‍സ് ആദ്യ റൗണ്ട്). ഇന്ത്യയുടെ ഡബിൾസ് താരം രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും ചേർന്ന് കന്നി ഒളിമ്പിക് മെഡൽ നേട്ടത്തിനായി മത്സരിക്കും. ഫ്രാൻസിന്‍റെ ഫാബിയൻ റെബൗൾ - എഡ്വേഡ് റോജർ വാസെലിൻ ജോഡിയാണ് ഇന്ത്യൻ ടീമിന്‍റെ എതിരാളികൾ. ഉച്ചകഴിഞ്ഞ് 3:30 മുതൽ കളിക്കുന്ന പുരുഷ ഡബിൾസ് ടെന്നീസിന്‍റെ ആദ്യ റൗണ്ട് ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണ്.
ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ഇനമായ ഗ്രാൻഡ് സ്ലാം ഇനത്തിൽ വിജയിച്ച ബൊപ്പണ്ണ, 2016 റിയോ ഒളിമ്പിക്‌സിൽ തനിക്ക് നഷ്‌ടമായ മെഡൽ വേട്ടയിൽ തന്‍റെ വിജയ വേഗതയും സ്ഥിരതയും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
04:00 PM - ഷൂട്ടിങ് (വനിതകളുടെ 10 മീറ്റർ പിസ്‌റ്റള്‍ യോഗ്യത റൗണ്ട്). മനു ഭാക്കർ, റിഥം സംഗ്വാൻ എന്നിവരാണ് മത്സരിക്കുന്നത്.
07:10 PM - ബാഡ്‌മിന്‍റണ്‍ (പുരുഷ സിംഗിള്‍സ്, ഗ്രൂപ്പ് സ്‌റ്റേജ്), ഗ്രൂപ്പ് എല്ലില്‍ ലക്ഷ്യ സെൻ ഗോട്ടിമാലയുടെ കെവിൻ കോർഡണെ നേരിടും.
7:15 PM - ടേബിള്‍ ടെന്നിസ് (പുരുഷ സിംഗിള്‍സ് ആദ്യ ഘട്ടം). പ്രിലിമിനറി റൗണ്ടിൽ ഹർമീത് ദേശായി, ജോർദാന്‍റെ സെയിദ് അബൊ യമനെ നേരിടും.
08:00 PM - ബാഡ്‌മിന്‍റണ്‍ (പുരുഷ ഡബിള്‍സ് ഗ്രൂപ്പ് സ്‌റ്റേജ്) ഗ്രൂപ്പ് സിയില്‍ സത്വിക്ക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫ്രാൻസിന്‍റെ ലൂക്കാസ് കോർവീ - റോണൻ ലാബർ സഖ്യത്തെ നേരിടും.
09:00 PM - പുരുഷ ഹോക്കിയിൽ ഇന്ത്യ, ന്യൂസിലൻഡിനെ നേരിടും.
11:00 PM - ബാഡ്‌മിന്‍റൺ വനിത ഡബിൾസിൽ അശ്വിനി പൊന്നപ്പ - തനിഷ ക്രാസ്‌റ്റോ ജോഡി കൊറിയയുടെ കിം സോ യിങ് - കോങ് ഹീ യങ് ജോഡിയെ നേരിടും.
12:02 AM - ബോക്‌സിങ് (വനിതകളുടെ 54 കിലോ ഗ്രാം റൗണ്ട് ഓഫ് 32). പ്രീതി പവാർ വിയറ്റ്നാമിന്‍റെ തി കി അൻഹ് വോ യെ നേരിടും.
ഒളിമ്പിക്‌സിന് മുമ്പുള്ള ദേശീയ അന്തർദേശീയ ഇവന്‍റുകളിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട്, ടീം ഇന്ത്യ എല്ലാ വിഭാഗത്തിലും മെഡലിനായുള്ള ശക്തമായ മത്സരാർഥികളായിരിക്കുമെന്നതിൽ സംശയമില്ല.
Also Read: സെന്‍ നദിയുടെ ഓളത്തിനൊപ്പം ഒളിമ്പിക്‌സ്; പാരിസില്‍ ചരിത്രം കുറിച്ച് ഉദ്‌ഘാടന ചടങ്ങ്