പാരീസ്: പതിനേഴാമത് പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാറിന് സ്വർണം. ടി64 വിഭാഗത്തിൽ പങ്കെടുത്ത താരം 2.08 മീറ്റർ ചാടിയാണ് സ്വർണം സ്വന്തമാക്കിയത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള 21 കാരനായ പ്രവീൺ പാരാലിമ്പിക്‌സ് ഹൈജമ്പിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി. നേരത്തെ 2016ലെ റിയോ പാരാലിമ്പിക്‌സിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മാരിയപ്പൻ തങ്കവേലു സ്വർണം നേടിയിരുന്നു.
2024 Paris Paralympics | Tokyo Silver medallist Praveen Kumar wins Gold medal with his personal best jump of 2.08m in Men's High Jump -T64 final event pic.twitter.com/KohrL6w4iM
— ANI (@ANI) September 6, 2024
മാരിയപ്പൻ തങ്കവേലു 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ വെള്ളി മെഡലും പാരീസിൽ വെങ്കലവും നേടി. 2.06 മീറ്റർ ചാടി അമേരിക്കക്കാരനായ ഡെറക് ലോക്കിഡന്‍റ് വെള്ളിയും 2.03 മീറ്റർ ചാടി ഉസ്ബെക്കിസ്ഥാന്‍റെ ടെമുർബെക് ഗിയസോവ് വെങ്കലവും നേടി. പ്രവീൺ കുമാർ നേടിയ സ്വർണത്തോടെ പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ആകെ സ്വർണനേട്ടം 6 ആയി. കഴിഞ്ഞ 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യ 5 സ്വർണം നേടിയപ്പോൾ ഇന്ത്യൻ താരങ്ങളിപ്പോള്‍ മുൻ റെക്കോർഡ് തകർത്തു.
പ്രവീൺ കുമാർ തന്‍റെ അഞ്ച് ശ്രമങ്ങളിലും മികച്ച പ്രകടനം നടത്തി. ആദ്യ ശ്രമത്തിൽ തന്നെ 2.08 മീറ്റർ ക്ലിയർ ചെയ്‌തു. ഹൈജംപ് ടി64 വിഭാഗത്തിൽ 2.11 മീറ്ററാണ് റെക്കോർഡെന്നതും ശ്രദ്ധേയമാണ്.