ഹൈദരാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ക്രിക്കറ്റ് താരങ്ങള്‍ക്ക് നാല് മാസത്തോളമായി പ്രതിഫലം ലഭിക്കുന്നില്ലെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്‌തു. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.
2023 ഓഗസ്റ്റ് 1 മുതൽ ബോർഡുമായി 23 മാസത്തെ കരാറിലുള്ള പാകിസ്ഥാൻ കളിക്കാർക്ക് 2024 ജൂൺ മുതലാണ് ശമ്പളം ലഭിക്കാത്തത്. പാക് പുരുഷ ക്രിക്കറ്റ് ടീമിലെ 25 മുതിര്‍ന്ന താരങ്ങളാണ് കരാറിലുള്ളത്. 23 മാസത്തെ കരാറാണ് വനിതാ പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ബോര്‍ഡുമായുള്ളത്. ഇവരുടെ കരാര്‍ 12 മാസമാകുമ്പോള്‍ പുനപരിശോധിക്കും. എന്നാല്‍ അതും ഇതുവരെ നടന്നിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സെപ്റ്റംബർ ഒന്നിന് മുള്‍ട്ടാനില്‍ ആരംഭിച്ച പരിശീലന ക്യാമ്പിൽ വനിതാ താരങ്ങൾക്ക് പ്രതിദിന അലവൻസൊന്നും ലഭിച്ചില്ല. ക്യാമ്പിലെ സപ്പോർട്ട് സ്റ്റാഫിന് അലവൻസുകൾ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടുമുള്ള മുഴുവൻ അംഗരാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ കൂട്ടത്തിൽ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് താരങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവില്‍ പാക് വനിതാ ക്രിക്കറ്റ് ടീം 2024 ടി20 ലോകകപ്പ് പോരാട്ടത്തിലാണ്.