പാരീസ് (ഫ്രാൻസ്): പാരാലിമ്പിക്‌സ് പുരുഷ സിംഗിൾസ് എസ്എൽ 3 ഇനത്തിൽ ഇന്ത്യയുടെ ഷട്ടിൽ താരം നിതേഷ് കുമാർ സ്വർണം നേടി. പുരുഷ സിംഗിൾസ് എസ്എൽ 3 വിഭാഗത്തിൽ ലോക ഒന്നാം റാങ്കിലുള്ള നിതേഷ് കുമാർ ഗ്രേറ്റ് ബ്രിട്ടന്‍റെ ഡാനിയൽ ബെഥെലിനെയാണ് തോല്‍പിച്ചത്. 2-1 ന് ആണ് ബെഥെലിനെ പരാജയപ്പെടുത്തിയത്. ഇതോടെ പാരീസിലെ ഇന്ത്യയുടെ സ്വർണമെഡലുകളുടെ എണ്ണം രണ്ടായി. ഷൂട്ടിങ്ങിൽ ആവണി ലേഖറയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണം നേടിയത്.
ആദ്യ സെറ്റ് 21-14ന് നിതേഷ് സ്വന്തമാക്കി ലീഡ് നേടിയിട്ടും രണ്ടാം സെറ്റ് നഷ്ടമായി. പിന്നീട് മത്സരത്തിൽ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി, മൂന്നാം സെറ്റ് 23-21 ന് നേടി സ്വർണം സ്വന്തമാക്കുകയായിരുന്നു. പാരാ സമ്മർ ഗെയിംസിൽ ഇന്ത്യയുടെ ഒമ്പതാം മെഡലാണിത്.
Nitesh Kumar's maiden Paralympics medal
— DD News (@DDNewslive) September 2, 2024
Indian para shuttler Nitesh Kumar wins GOLD medal in men’s singles SL3 category at Paris Paralympics
Nitesh defeated Great Britain’s Daniel Bethell 21-14, 18-21, 23-21 in the final#Paralympics2024 #Paralympics #ParaAthletics… pic.twitter.com/oFe8UljABp
നേരത്തെ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ - എഫ് 56 ഇനത്തിൽ യോഗേഷ് കത്തുനിയ വെള്ളി മെഡൽ നേടിയിരുന്നു. പുരുഷന്മാരുടെ ഹൈജമ്പ് ടി47ൽ നിഷാദ് കുമാർ വെള്ളിയും 100 മീറ്റർ, 200 മീറ്റർ ടി35 ക്ലാസ് ഇനങ്ങളിൽ പ്രീതി പാൽ വെങ്കലവും നേടി. പാരാ ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മറ്റ് നാല് മെഡലുകൾ.
എസ്എച്ച് 1 ക്ലാസിലെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ആവണി ലേഖരയും മോണ അഗർവാളും യഥാക്രമം സ്വർണവും വെങ്കലവും നേടി. മനീഷ് നർവാൾ (പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1), റുബീന ഫ്രാൻസിസ് (വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി.