പാരീസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ നേടാനുള്ള അവസരവും കൂടി നഷ്ടമായി. ആദ്യ ഒളിമ്പിക്‌സ് കളിക്കുന്ന സ്റ്റാർ ബോക്‌സർ നിശാന്ത് ദേവിന് പുരുഷന്മാരുടെ 71 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ മെക്‌സിക്കോയുടെ ബോക്‌സർ മാർക്കോ വെർഡെയോട് 4-1 തോൽവി ഏറ്റുവാങ്ങി.
നിശാന്ത് ആദ്യ റൗണ്ടിൽ ലീഡ് നേടിയിരുന്നു. എന്നാല്‍ വെർഡെ രണ്ടാം റൗണ്ടിൽ വിജയിക്കുകയും മൂന്നാം റൗണ്ടിൽ ആധിപത്യം സ്ഥാപിക്കുകയും മത്സരത്തില്‍ വിജയിക്കുകയും ചെയ്തു. ടോക്കിയോയിലെ വെങ്കല മെഡൽ ജേതാവ് ലോവ്‌ലിന ബോർഗോഹെയ്‌നാണ് പാരീസ് ഒളിമ്പിക്‌സിൽ ബോക്‌സിംഗിൽ ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷ.
പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗം ബോക്‌സിങ് ക്വാർട്ടർ ഫൈനലിലെ തോൽവിയോടെ നിശാന്ത് ദേവിന് ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് നഷ്ടമായത്. നിശാന്ത് ജയിച്ചിരുന്നെങ്കിൽ വിജേന്ദർ സിങ്ങിനുശേഷം ബോക്‌സിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ പുരുഷനും നാലാമത്തെ ഇന്ത്യൻ ബോക്‌സറുമാകുമായിരുന്നു. ഇന്ത്യയുടെ സ്റ്റാർ ബോക്‌സർ എംസി മേരി കോം, ലോവ്‌ലിന ബോർഗോഹെയ്ൻ എന്നിവരാണ് ഒളിമ്പിക്‌സ് മെഡൽ നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ.
വ്യാഴാഴ്ച നടന്ന പുരുഷന്മാരുടെ 71 കിലോഗ്രാം റൗണ്ട് ഓഫ് 16 ബൗട്ടിൽ ഇക്വഡോറിന്‍റെ ജോസ് ഗബ്രിയേൽ റോഡ്രിഗസ് ടെനോറിയോയ്‌ക്കെതിരെ നിശാന്ത് ഉജ്ജ്വല വിജയം നേടിയിരുന്നു. നിശാന്ത് ദേവ് രണ്ട് തവണ ദേശീയ ചാമ്പ്യനായിരുന്നു.
അതിനിടെ, നിഷാന്തിന്‍റെ തോല്‍വിക്ക് പിന്നില്‍ സ്കോറിംഗില്‍ അപാകതയുണ്ടെന്നും വന്‍ ചതിയാണ് നടന്നതെന്നുമുള്ള ആരോപണവുമായി മുന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും നടന്‍ രണ്‍ദീപ് ഹൂഡയും അടക്കമുളളവര്‍ രംഗത്തെത്തി.