ബെര്‍ലിൻ: യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തുര്‍ക്കി ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് നെതര്‍ലൻഡ്‌സ് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മത്സരത്തില്‍ ഓറഞ്ച് പടയുടെ ജയം. ഒരു ഗോളിന് പിന്നിലായ ശേഷം തിരിച്ചുവന്ന നെതര്‍ലന്‍ഡ്‌സിന്‍റെ ജയത്തില്‍ തുര്‍ക്കി താരം മെര്‍ട് മുള്‍ഡറുട സെല്‍ഫ് ഗോളും നിര്‍ണായകമായി.
മത്സരത്തിന്‍റെ 35-ാം മിനിറ്റിലായിരുന്നു തുര്‍ക്കി മുന്നിലെത്തിയത്. സാമത്ത് അകയ്‌ഡിനായിരുന്നു അവരുടെ ഗോള്‍ സ്കോറര്‍. 70-ാം മിനിറ്റില്‍ സ്റ്റീഫൻ ഡി വിര്‍ജിലൂടെ ഡച്ച് പട തുര്‍ക്കിയ്‌ക്കൊപ്പമെത്തി. 76-ാം മിനിറ്റിലായിരുന്നു മത്സരത്തില്‍ വഴിത്തിരിവായ മുള്‍ഡറുടെ സെല്‍ഫ് ഗോള്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് നെതര്‍ലന്‍ഡ്‌സിന്‍റെ എതിരാളി. ജൂലൈ 11-നാണ് ഈ മത്സരം.
മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ മുന്നിലെത്താൻ നെതര്‍ലൻഡ്‌സിന് സാധിച്ചിരുന്നു. എന്നാല്‍, ലഭിച്ച അവസരം മുതലാക്കാൻ സ്ട്രൈക്കര്‍ മെംഫിസ് ഡിപേയ്‌ക്ക് സാധിക്കാതെ പോകുകയായിരുന്നു. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്നുള്ള ഡിപേയുടെ ഷോട്ട് ലക്ഷ്യത്തിലേക്കെത്തിയില്ല.
പന്ത് കൈവശം വച്ച് കളിക്കാനായിരുന്നു തുര്‍ക്കിയുടെ ശ്രമങ്ങള്‍. മുന്നേറ്റത്തിനും പ്രതിരോധത്തിനും ഒരുപോലെ ശ്രദ്ധകൊടുക്കാൻ അവര്‍ക്കായി. പതിയെ അവസരങ്ങള്‍ സൃഷ്‌ടിച്ച തുര്‍ക്കി 35-ാം മിനിറ്റിലാണ് ലീഡ് പിടിക്കുന്നത്.
പ്രതിരോധനിര താരം സാമത്ത് അകയ്‌ഡിന്‍റെ ഹെഡര്‍ ഗോളായിരുന്നു അവരെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ ശേഷിക്കുന്ന സമയത്തെല്ലാം തിരിച്ചടിക്കാൻ ഡച്ച് പട ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല. കിട്ടിയ അവസരങ്ങളില്‍ ഡച്ച് പടയെ വിറപ്പിക്കാൻ തുര്‍ക്കിയ്‌ക്കും സാധിച്ചു.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി നെതര്‍ലൻഡ്‌സ് ആക്രമണം കടുപ്പിച്ചു. തുര്‍ക്കി ഗോള്‍ മുഖത്ത് പലകുറി വെല്ലുവിളി ഉയര്‍ത്താൻ അവര്‍ക്കായി. ആക്രമണം തുടര്‍ന്ന നെതര്‍ലൻഡ്‌സ് 70-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി.
പ്രതിരോധ നിരതാരം സ്റ്റീഫന്‍ ഡി വ്രിജാണ് ഗോള്‍ നേടിയത്. ഡിപേയിയുടെ ക്രോസ് താരം തലകൊണ്ട് തുര്‍ക്കി വലയിലെത്തിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകം തന്നെ നെതര്‍ലൻഡ്‌സിന് ലീഡും ലഭിച്ചു. ബോക്‌സിന് പുറത്ത് വലതുവശത്ത് നിന്നും ഡച്ച് താരം നീട്ടി നല്‍കിയ ക്രോസ് തടയാനുള്ള മെര്‍ട് മുള്‍ഡറുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. താരത്തിന്‍റെ കാലില്‍ ഇടിച്ച പന്ത് സ്വന്തം വലയിലേക്ക് കയറി.
അവസാന മിനിറ്റുകളില്‍ തുര്‍ക്കി സമനില ഗോളിനായി പൊരുതി. എന്നാല്‍, പലകുറി ഗോളിനടുത്ത് എത്തിയെങ്കിലും അവര്‍ക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ, തുര്‍ക്കി പുറത്തേക്കും നെതര്‍ലന്‍ഡ്‌സ് സെമിയിലേക്കും ടിക്കറ്റെടുക്കുകയായിരുന്നു.
Also Read : ഷൂട്ടൗട്ടില്‍ സ്വിസ് പടയ്‌ക്ക് പിഴച്ചു; ഇംഗ്ലണ്ടും സെമിയിലേക്ക് - England vs Switzerland Result