പാരീസ്: ഒളിമ്പിക്‌സിൽ ഇന്ത്യ 3 വെങ്കല മെഡലുകൾ മാത്രം നേടി നിലവിൽ പട്ടികയിൽ 54-ാം സ്ഥാനത്താണ്. ജാവലിൻ ത്രോ താരവും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ നീരജ് ചോപ്രയിലാണ് ഇന്ത്യയിലെ കായിക പ്രേമികളുടെ പ്രതീക്ഷ. ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയതോടെ ദേശീയ അഭിമാനത്തിന്‍റെ പ്രതീകമായി നീരജ് മാറി. നീരജിന് ചരിത്രം ആവർത്തിക്കാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
നീരജ് ചോപ്ര ഓഗസ്റ്റ് ആറിന് നടക്കുന്ന ജാവലിൻ ത്രോയിൽ പങ്കെടുക്കും. ഗ്രൂപ്പ് എയുടെ യോഗ്യതാ റൗണ്ട് ഉച്ചയ്ക്ക് 1:50 നും ഗ്രൂപ്പ് ബി അതേ ദിവസം 3:20 നും ആരംഭിക്കും. യോഗ്യതാ റൗണ്ടിൽ നിന്ന് നീരജ് മുന്നേറുകയാണെങ്കിൽ, ഓഗസ്റ്റ് 8 ന് നടക്കുന്ന ഫൈനലിൽ അദ്ദേഹം പങ്കെടുക്കും.ടോക്കിയോ ഗെയിംസിലെ മികച്ച പ്രകടനത്തിന് ശേഷം 2022 ലെ ഡയമണ്ട് ലീഗ് കിരീടവും 2023 ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലും നേടി നീരജ് തിളങ്ങി. ഇപ്പോൾ ജാവലിൻ ത്രോയിൽ നിലവിലെ ലോക ചാമ്പ്യനായി പാരീസ് ഒളിമ്പിക്‌സില്‍ എത്തിയിരിക്കുകയാണ് നീരജ്.
നീരജിനൊപ്പം കിഷോർ ജെനയും പാരീസ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ പങ്കെടുക്കും. 2023 ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ നീരജിന് പിന്നിൽ ഫിനിഷ് ചെയ്‌ത ജെന ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു.