വെല്ലിങ്‌ടണ്‍: ന്യൂസിലൻഡിനെതിരെ വെല്ലിങ്‌ടണില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനിടെ പുത്തന്‍ ബാറ്റിങ് റെക്കോഡിട്ട് ഓസ്‌ട്രേലിയയുടെ വെറ്ററന്‍ സ്‌പിന്നര്‍ നഥാന്‍ ലിയാണ്‍ (Nathan Lyon ). ഒരു അർധ സെഞ്ചുറി പോലും നേടാതെ 1,500 ടെസ്റ്റ് റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് നഥാന്‍ ലിയാണ്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. മത്സരത്തിന്‍റെ രണ്ടാം ദിനത്തിൽ, സ്റ്റീവ് സ്മിത്തിന്‍റെയും മാർനസ് ലബുഷെയ്‌നും പുറത്തായതിന് പിന്നാലെ നൈറ്റ് വാച്ച്മാനായി ആയിരുന്നു നഥാന്‍ ലിയോണ്‍ ക്രീസിലേക്ക് എത്തുന്നത്.
മൂന്നാം ദിനത്തില്‍ മാറ്റ് ഹെൻറിയുടെ പന്തില്‍ വില്‍ യെങ് പിടികൂടി മടങ്ങുമ്പോള്‍ 46 പന്തിൽ ആറ് ബൗണ്ടറികളോടെ 41 റൺസായിരുന്നു ഓസീസ് വെറ്ററന്‍ നേടിയിരുന്നത്. ഇതോടെ 128 ടെസ്റ്റുകളിലെ 162 ഇന്നിങ്‌സുകളിലായി 1,501 റൺസാണ് ലിയോണിന്‍റെ അക്കൗണ്ടിലുള്ളത്. 12.72 ആണ് ശരാശരി. 47 റണ്‍സ് ആണ് ടെസ്റ്റില്‍ 36-കാരന്‍റെ ഇതേവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
അതേസമയം ന്യൂസിലന്‍ഡ്- ഓസ്‌ട്രേലിയ (New Zealand vs Australia) ഒന്നാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസീസ് ഉയര്‍ത്തിയ 369 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടരുന്ന ആതിഥേയര്‍ മൂന്നാം ദിനം സ്‌റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 111 റണ്‍സ് എന്ന നിലയിലാണ്. മത്സരത്തില്‍ രണ്ട് ദിനം ശേഷിക്കെ വിജയത്തിനായി കീവിസിന് 258 റണ്‍സും ഓസീസിന് ഏഴ് വിക്കറ്റുകളുമാണ് ഇനി വേണ്ടത്.
രചിന്‍ രവീന്ദ്ര (94 പന്തില്‍ 56*), ഡാരില്‍ മിച്ചല്‍ (63 പന്തില്‍ 12*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ടോം ലാഥം (18 പന്തില്‍ 8), വില്‍ യെങ് (52 പന്തില്‍ 15), കെയ്‌ന്‍ വില്യംസണ്‍ (19 പന്തില്‍ 9) എന്നിവരാണ് പുറത്തായത്. ഓസീസിനായി നഥാന്‍ ലിയോണ്‍ രണ്ടും ട്രാവിസ് ഹെഡ് ഒന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് കാമറൂണ്‍ ഗ്രീനിന്‍റെ അപരാജിത സെഞ്ചുറിയുടെ മികവില്‍ 383 റണ്‍സായിരുന്നു നേടിയിരുന്നത്. 275 പന്തില്‍ 23 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 174* റണ്‍സായിരുന്നു ഗ്രീന്‍ നേടിയത്. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെൻറിയുടെ പ്രകടനമാണ് ഓസീസിനെ പിടിച്ചുകെട്ടാന്‍ കിവീസിനെ തുണച്ചത്.
മറുപടിക്ക് ഇറങ്ങിയ കിവീസിനെ നാല് വിക്കറ്റ് വീഴ്‌ത്തിയ നഥാന്‍ ലിയോണിന്‍റെ മികവില്‍ 179 റണ്‍സില്‍ ഒതുക്കാന്‍ ഓസീസിന് കഴിഞ്ഞു. 70 പന്തില്‍71 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സായിരുന്നു ടോപ് സ്‌കോര്‍. ഇതോടെ 204 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഓസീസ് 164 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.
ഇത്തവണ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കിവീസിന് സഹായകമായത്. ലിയോണായിരുന്നും സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ലക്ഷ്യം പിന്തുടരുന്നത് ന്യൂസിലന്‍ഡിന് വെല്ലുവിളിയാവും.