ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരെ (India vs England Test) ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ (Vizag Test) ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോളിനെ ഫലപ്രദമായി പൂട്ടിയ ആതിഥേയര്‍ 106 റൺസിന്‍റെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ഇപ്പോഴിതാ വിശാഖപട്ടണത്തെ വിജയത്തോടെ ഇന്ത്യ കൂടുതല്‍ ശക്തരായിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍ (Nasser Hussain).
"രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒരുപാട് നല്ല ക്രിക്കറ്റ് കളിച്ചു. സത്യം പറഞ്ഞാല്‍, വിശാഖപട്ടണത്തെ തോല്‍വി ഇംഗ്ലണ്ടിന്‍റെ കഴിഞ്ഞ (2020/21) ഇന്ത്യന്‍ പര്യടനത്തെക്കുറിച്ച് ഓര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിട്ടില്ല. അന്ന് ആദ്യ മത്സരം വിജയിച്ച ഇംഗ്ലണ്ട് പിന്നീട് പരമ്പരയില്‍ 3-1 ന് പരാജയപ്പെടുകയായിരുന്നു.
ഇതിന് സമാനമായി വിശാഖപ്പട്ടണത്തെ വിജയത്തോടെ ഇന്ത്യ കൂടുതല്‍ ശക്തരാവുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന് മുന്നിലുള്ള നല്ല അവസരം തന്നെയായിരുന്നുവിത്. ജാക്ക് ലീച്ച്, ഹാരി ബ്രൂക്ക് എന്നിവരെപ്പോലുള്ള താരങ്ങള്‍ കളിക്കുന്നില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്.
വിശാഖപട്ടണത്താവട്ടെ രണ്ടാം ഇന്നിങ്‌സില്‍ ജോ റൂട്ടിന് പന്തെറിയാനുമായില്ല. കെഎൽ രാഹുലും ഒരുപക്ഷേ, വിരാട് കോലിയും മടങ്ങിവരുമ്പോൾ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കൂടുതൽ കഠിനമാകും"- നാസര്‍ ഹുസൈന്‍ ഒരു ബ്രിട്ടീഷ് മാധ്യമത്തോട് പറഞ്ഞു.
അതേസമയം വിശാഖപട്ടണത്ത് രണ്ടാം ഇന്നിങ്‌സിന് ശേഷം ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 292 റണ്‍സില്‍ പുറത്താവുകയായിരുന്നു. 73 റണ്‍സെടുത്ത സാക്ക് ക്രൗളിയായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ ആര്‍ അശ്വിനും ജസ്‌പ്രീത് ബുംറയും ചേര്‍ന്നായിരുന്നു ഇംഗ്ലണ്ടിനെ പൊളിച്ചടക്കിയത്.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ യശസ്വി ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ 396 റണ്‍സായിരുന്നു നേടിയിരുന്നത്. 290 പന്തുകളില്‍ 209 റണ്‍സായിരുന്നു യശസ്വി അടിച്ച് കൂട്ടിയത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. 19 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിങ്‌സ്.
മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിനെ ജസ്‌പ്രീത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനത്തില്‍ 253 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ ശുഭ്‌മാന്‍ ഗില്‍ നേടിയ സെഞ്ചുറിയുടെ മികവില്‍ 255 റണ്‍സടിച്ചാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ വമ്പന്‍ ലക്ഷ്യം ഉയര്‍ത്തിയത്. വിശാഖപട്ടണത്ത് വിജയിച്ചതോടെ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
ALSO READ: സ്‌പിന്നര്‍മാര്‍ക്കെതിരെ ആളാവാന്‍ നോക്കി വിക്കറ്റ് തുലയ്‌ക്കരുത് ; ശ്രേയസിനെതിരെ സഹീര്‍ ഖാന്‍
ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ഇതടക്കം ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ ഉടന്‍ തന്നെ പ്രഖ്യാപിക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കാതിരുന്നു വിരാട് കോലി സ്‌ക്വാഡിലേക്ക് തിരികെ എത്തുമോയെന്ന കാര്യത്തില്‍ ഇതേവരെ വ്യക്തതയില്ല.