പാരീസ്: സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തിലെ വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യയ്‌ക്ക് തോല്‍വി. ഇന്ത്യൻ ഷൂട്ടര്‍മാരായ അനന്ത്‌ജിത് സിങ് നറുക്ക-മഹേശ്വരി ചൗഹാൻ സഖ്യം ചൈനീസ് ജിയാങ് യുട്ടിംഗ്-ലിയു ജിയാലിൻ സഖ്യത്തോട് തോൽവി ഏറ്റുവാങ്ങി. ഇതോടെ പ്രതീക്ഷിച്ച മറ്റൊരു മെഡൽ കൂടി ഇന്ത്യക്ക് നഷ്ടമായി.
മത്സരത്തിൽ ചൈനീസ് സഖ്യം ആദ്യ റൗണ്ടിലെ 8 ഷോട്ടുകളും അടിച്ചപ്പോൾ 8 ഷോട്ടുകളിൽ 7 എണ്ണം തൊടുക്കാനെ ഇന്ത്യൻ സഖ്യത്തിന് കഴിഞ്ഞുള്ളു. രണ്ടാം റൗണ്ടിൽ ചൈന 8 ഷോട്ടുകളിൽ 5 ഉം അടിച്ചപ്പോൾ 3 ഷോട്ടുകൾ പിഴച്ചു. 8 ഷോട്ടുകളിൽ 6 ഉം അടിച്ച ഇന്ത്യൻ താരം 2 ഷോട്ടുകൾ പിഴച്ചു. മൂന്നാം റൗണ്ടിൽ ചൈനീസ് സഖ്യം 8ൽ 7 ഉം അടിച്ചപ്പോൾ ഇന്ത്യയ്‌ക്കും 8ൽ 7 ഉം അടിക്കാൻ കഴിഞ്ഞു. സ്‌കോർ 20-20ന് സമനിലയിലെത്തി.
മത്സരത്തിന്‍റെ നാലാം റൗണ്ടിൽ 8ൽ 7-ഉം ഇന്ത്യൻ സഖ്യം അടിച്ചപ്പോൾ ചൈനീസ് സഖ്യം 8ൽ 8 ഷോട്ടുകൾ അടിച്ചു. അഞ്ചാം റൗണ്ടിൽ തങ്ങളുടെ 8 ഷോട്ടുകളിൽ 8 ഉം അടിച്ച് സ്‌കോർ 36-35 എന്ന നിലയിൽ ഇന്ത്യ സഖ്യമെത്തി. അവസാന റൗണ്ടിൽ 8 ഷോട്ടുകളിൽ 8 ഉം അടിച്ച ഇന്ത്യൻ സഖ്യം സ്കോർ 43 ൽ എത്തിച്ചു. എന്നാല്‍ 8 ഷോട്ടുകളിൽ 8 ഉം ഉതിർത്ത ചൈനീസ് സഖ്യം സ്‌കോർ 44-43 ആക്കി മത്സരം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ വെങ്കല മെഡൽ പ്രതീക്ഷയും തകർന്നു.