ന്യൂഡൽഹി: ഒളിംപിക് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ ബജ്‌റംഗ് പുനിയയെ വീണ്ടും സസ്‌പെന്‍ഡ് ചെയ്‌തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്‌തത്. നേരത്തെ ചാർജ്ജ് നോട്ടീസ് നൽകിയിട്ടില്ലെന്ന് ആരോപിച്ച് എഡിഡിപിയുടെ സസ്പെൻഷൻ പിൻവലിച്ച് മൂന്നാഴ്‌ചയ്ക്ക് ശേഷം നാഡ വീണ്ടും നടപടിയെടുക്കുകയായിരുന്നു.
ഉത്തേജക പരിശോധനയ്‌ക്കായി സാംപിള്‍ നല്‍കാന്‍ താരം വിസമ്മതിച്ചതിന് താരത്തെ ഏപ്രിൽ 23 ന് നാഡ സസ്പെൻഡ് ചെയ്‌തിരുന്നു. ഉത്തേജക മരുന്നു നിയമങ്ങള്‍ താരം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. താൽക്കാലിക സസ്‌പെൻഷനെതിരെ ബജ്‌റംഗ് അപ്പീൽ നൽകുകയും നാഡ കുറ്റപത്രം സമർപ്പിക്കുന്നതുവരെ നാഡയുടെ ആന്‍റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനൽ (എഡിഡിപി) മെയ് 31 ന് അത് റദ്ദാക്കുകയും ചെയ്‌തിരുന്നു.
ശേഷം നടപടിയിലേക്ക് നീങ്ങി, ഞായറാഴ്‌ച ജൂണ്‍ (23) നാഡ ഗുസ്‌തിക്കാരന് നോട്ടീസ് നൽകി. സസ്‌പെന്‍ഷന്‍ ചെയ്‌തുള്ള അറിയിപ്പ് താരത്തിന് ലഭിച്ചതായി ബജ്‌റംഗിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ വിചാരണയ്ക്ക് ഹാജരായിരുന്നെന്നും ഇത്തവണയും ഹാജരാകുമെന്നും താരം ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.