ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗില്‍ (Women's Premier League) ജയം തുടര്‍ന്ന് മുംബൈ ഇന്ത്യൻസ് (Mumbai Indians). സീസണിലെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്‌സിനെയാണ് മുംബൈ തകര്‍ത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും പതിനൊന്ന് പന്തും ശേഷിക്കെ മുംബൈ മറികടക്കുകയായിരുന്നു (Mumbai Indians vs Gujarat Giants Result).
സീസണിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ജയന്‍റ്‌സിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സായിരുന്നു നേടാൻ സാധിച്ചത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ അമേലിയ കെര്‍ ആയിരുന്നു ഗുജറാത്തിനെ പൂട്ടിയത്. ഗുജറാത്ത് നിരയില്‍ നാല് പേരൊഴികെ മറ്റാര്‍ക്കും മത്സരത്തില്‍ രണ്ടക്കം കടക്കാനുമായില്ല.
ഒൻപതാം നമ്പറിലെത്തി 21 പന്തില്‍ 28 റണ്‍സ് നേടിയ തനുജ കൻവാറാണ് അവരുടെ ടോപ് സ്കോറര്‍. കാതറിൻ എമ്മ ബ്രൈസ് (25), ക്യാപ്‌റ്റൻ ബെത് മൂണി (24), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (15) എന്നിവരാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. അമേലിയക്ക് പുറമെ, ഷബ്‌നിം ഇസ്‌മയിലും മുംബൈയ്‌ക്കായി മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമായിരുന്നില്ല മത്സരത്തില്‍ ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ മുംബൈയ്‌ക്ക് നഷ്‌ടമായി. യാസ്‌തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ ഏഴ് റണ്‍സ് വീതം നേടിയാണ് മടങ്ങിയത്.
18 പന്തില്‍ 22 റണ്‍സ് നേടിയ നാറ്റ് സ്‌കിവര്‍ ബ്രന്‍റ് റണ്‍ഔട്ടായതോടെ 7.4 ഓവറില്‍ 49 എന്ന നിലയിലേക്കും അവര്‍ വീണു. എന്നാല്‍, പിന്നീട് ക്രീസില്‍ ഒന്നിച്ച അമേലിയ കെര്‍, ഹര്‍മൻപ്രീത് കൗര്‍ സഖ്യം അനായാസം സ്കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ 66 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
ജയത്തിന് അരികില്‍ 25 പന്തില്‍ 31 റണ്‍സടിച്ച അമേലിയ കെറിനെ മുംബൈയ്‌ക്ക് നഷ്‌ടപ്പെട്ടു. തുടര്‍ന്നെത്തിയ പൂജ വസ്‌ത്രകാര്‍ ഒരു റണ്‍സ് നേടി മടങ്ങി. പിന്നാലെയെത്തിയ അമൻജോത് കൗറിനെ കൂട്ടുപിടിച്ച് ഹര്‍മൻ മുംബൈയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തില്‍ 41 പന്ത് നേരിട്ട ഹര്‍മൻ 46 റണ്‍സാണ് നേടിയത്.
Also Read : തെങ്ങിന്‍റെ മടല്‍ ഉപയോഗിച്ചാണ് കളിച്ച് തുടങ്ങിയത്, ഇപ്പോള്‍ സ്വപ്‌നം ഇന്ത്യന്‍ ടീം : മനസുതുറന്ന് സജന