വിശാഖപട്ടണം : കാല്‍മുട്ടിലെ പരിക്കുമായാണോ എംഎസ് ധോണി ഈ വര്‍ഷവും ഐപിഎല്‍ കളിക്കുന്നത് ?. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്. കാല്‍മുട്ടിലെ പരിക്കുമായിട്ടായിരുന്നു കഴിഞ്ഞ സീസണില്‍ മുഴുവൻ മത്സരങ്ങളും ധോണി ചെന്നൈയ്‌ക്കായി കളിച്ചത്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലില്‍ ചെന്നൈ വിജയം നേടിയതിന് പിന്നാലെ മുംബൈയിലെത്തി കാല്‍മുട്ടിലെ പരിക്കിന് താരം ശസ്‌ത്രക്രിയക്ക് വിധേയനാവുകയും ചെയ്‌തു. തുടര്‍ന്ന്, വിശ്രമത്തിലായിരുന്ന താരം ഐപിഎല്ലിന് മുന്നോടിയായാണ് വീണ്ടും പരിശീലനം ആരംഭിച്ചത്. ഈ പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തി നേടിയ ശേഷമാണ് ധോണി ഐപിഎല്‍ 17-ാം പതിപ്പില്‍ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങുന്നത് എന്നും ആരാധകര്‍ കരുതി.
എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ കണ്ടതോടെ ആരാധകര്‍ക്കിടയില്‍ വീണ്ടും ആശങ്ക ഉടലെടുത്തിട്ടുണ്ട്. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുന്ന ധോണിയുടെ വീഡിയോ ആണ് സൂപ്പര്‍ കിങ്സ് പുറത്തുവിട്ടത്. നടക്കുന്ന സമയത്ത് ആദ്യം ധോണി മുടന്തുന്നതായി വീഡിയോയില്‍ കാണാം. അതേസമയം, മത്സരത്തിനിടെ പരിക്കിന്‍റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ധോണി കാണിച്ചിരുന്നില്ല.
ഐപിഎല്‍ 17-ാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി ആദ്യമായി ബാറ്റ് ചെയ്യാനെത്തിയ മത്സരം കൂടിയായിരുന്നു ഡല്‍ഹി കാപിറ്റല്‍സിനെതിരായത്. മത്സരത്തില്‍ എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ധോണി 16 പന്ത് നേരിട്ട് പുറത്താകാതെ 37 റണ്‍സ് അടിച്ചുകൂട്ടി. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ധോണിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.
മുകേഷ് കുമാറിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ചാണ് ധോണി റണ്‍സ് കണ്ടെത്തി തുടങ്ങിയത്. ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ ഖലീല്‍ അഹമ്മദിനെതിരെ തകര്‍പ്പനൊരു സിക്‌സര്‍ പായിക്കാനും ധോണിക്കായി. ദക്ഷിണാഫ്രിക്കൻ താരം ആൻറിച്ച് നോര്‍ക്യ എറിഞ്ഞ മത്സരത്തിലെ 20-ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ 20 റണ്‍സായിരുന്നു ധോണി അടിച്ചെടുത്തത്.
അതേസമയം, ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങിനും ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാനായിരുന്നില്ല. 20 റണ്‍സിനാണ് സിഎസ്‌കെ മത്സരം കൈവിട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 191 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈയുടെ പോരാട്ടം 171 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.