ബെംഗളൂരു : റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഐപിഎല്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യൻ പ്രീമിയര്‍ ലീഗിന്‍റെ പതിനേഴാം പതിപ്പിലെ പ്ലേഓഫിലേക്ക് എത്തുന്ന നാലാമത്തെ ടീമിനെ വിലയിരുത്തുന്ന മത്സരമാണ് ഇത്. കൂടാതെ, ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് മഹാരഥന്മാരായ എംഎസ് ധോണിയും വിരാട് കോലിയും വീണ്ടും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നു എന്നതും മത്സരത്തിന്‍റെ ആവേശം ഇരട്ടിയാക്കുന്നു.
മെയ് 18ന് ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം. സീസണില്‍ ലീഗ് സ്റ്റേജില്‍ രണ്ട് ടീമുകളുടെയും അവസാന മത്സരമാണിത്. ഈ മത്സരത്തില്‍ ജയിക്കാനായാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും പ്ലേഓഫിലേക്ക് എത്താം.
നിലവില്‍ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരാണ് ചെന്നൈ. 13 മത്സരങ്ങളില്‍ 14 പോയിന്‍റാണ് റിതുരാജ് ഗെയ്‌ക്‌വാദിനും സംഘത്തിനും ഉള്ളത്. ബെംഗളൂരുവിനെതിരെ ജയിച്ചാല്‍ 16 പോയിന്‍റോടെ പ്ലേഓഫിലേക്ക് എത്തുന്ന നാലാമത്തെ ടീമായി സൂപ്പര്‍ കിങ്‌സിന് മാറാം.
ചെറിയ മാര്‍ജിനില്‍ ഉള്ള തോല്‍വിയാണെങ്കിലും ചെന്നൈയ്‌ക്ക് പേടിക്കേണ്ടതില്ല. നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ നിലവില്‍ ആര്‍സിബിയേക്കാള്‍ മുകളില്‍ ആണെന്നത് ഐപിഎല്ലിലെ മഞ്ഞപ്പടയ്‌ക്ക് ആനുകൂല്യം നല്‍കുന്ന ഘടകമാണ്. നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയ്‌ക്ക് പിന്നിലേക്ക് ചെന്നൈ വീഴണമെങ്കില്‍ 18-ല്‍ അധികം റണ്‍സിന്‍റെയോ അല്ലെങ്കില്‍ 18.2 ഓവറിന് മുന്‍പോ വേണം അവര്‍ പരാജയപ്പെടാൻ. അതേസമയം, മറ്റൊന്നും നോക്കാതെ അവസാന മത്സരം ജയിച്ച് തന്നെ പ്ലേഓഫ് ഉറപ്പിക്കുന്നതിനുള്ള കഠിനശ്രമത്തിലാണ് നിലവില്‍ ചെന്നൈ.
ചെപ്പോക്കിലെ അവസാന മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെ വീഴ്‌ത്തിയ ചെന്നൈ കഴിഞ്ഞ ദിവസമാണ് ആര്‍സിബിക്കെതിരായ മത്സരത്തിനായി ബെംഗളൂരുവില്‍ ലാന്‍ഡ് ചെയ്‌തത്. പിന്നാലെ, പരിശീലനത്തിനും ടീം ഗ്രൗണ്ടില്‍ ഇറങ്ങി. നെറ്റ്‌സിലെ പരിശീലനത്തിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണി പന്തെറിഞ്ഞതാണ് നിലവില്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
Also Read : മഴയില്‍ കുളിച്ച് ഹൈദരാബാദും പ്ലേഓഫിലേക്ക്; നാലാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടം - SRH IN PLAYOFF
നെറ്റ്‌സില്‍ ഓഫ് സ്‌പിൻ എറിഞ്ഞാണ് ധോണിയുടെ പരിശീലനം. ധോണിയുടെ ബൗളിങ് പരിശീലനത്തിന്‍റെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിലും സമാനമായ രീതിയില്‍ ധോണി പന്തെറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം, വീഡിയോ വൈറലായതോടെ ആര്‍സിബിക്കെതിരായ നിര്‍ണായക മത്സരത്തില്‍ ധോണി പന്തെറിയുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.