ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയര്‍ ലീഗിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ ഗാലറിയിലേക്ക് പായിച്ച ടീം എന്ന റെക്കോഡ് സ്വന്തം പേരിലാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലാണ് ഹൈദരാബാദിന്‍റെ ഈ നേട്ടം. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ മെയ് എട്ടിന് സൂപ്പര്‍ ജയന്‍റ്‌സിനെതിരായി നടന്ന മത്സരത്തില്‍ ഹൈദരാബാദ് 14 സിക്‌സറുകള്‍ നേടിയിരുന്നു.
ഇതോടെ, ഈ സീസണില്‍ മാത്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടിച്ചുപറത്തിയ സിക്‌സറുകളുടെ എണ്ണം 146 ആയി. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്ഥാപിച്ച റെക്കോഡ് ആണ് ഇതോടെ പഴങ്കഥയായത്. അന്ന് ചാമ്പ്യന്മാരായ ചെന്നൈ 145 സിക്‌സറുകള്‍ ആയിരുന്നു നേടിയത്.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസായിരുന്നു ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയത്. 140 സിക്‌സറുകളാണ് മുൻ ചാമ്പ്യന്മാരായ മുംബൈ 2023ല്‍ ഗാലറിയിലേക്ക് പായിച്ചത്. അതേസമയം, ഇന്നലത്തെ മത്സരത്തോടെ ഈ സീസണിലെ ആ സിക്‌സറുകളുടെ എണ്ണം 1000 പിന്നിട്ടിട്ടുണ്ട്.
സീസണിലെ സിക്‌സര്‍ വേട്ടയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തലപ്പത്തുള്ള പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. 12 മത്സരങ്ങളില്‍ നിന്നും 120 സിക്‌സറുകളാണ് ഡല്‍ഹി ഇതുവരെ നേടിയിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (116), മുംബൈ ഇന്ത്യൻസ് (116), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (114) ടീമുകളാണ് സീസണില്‍ 100ന് മുകളില്‍ സിക്‌സറുകള്‍ നേടിയിട്ടുള്ള മറ്റ് ടീമുകള്‍.
അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 10 വിക്കറ്റിന്‍റെ തകര്‍പ്പൻ ജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 165 റണ്‍സ് നേടിയിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ലഖ്‌നൗ ഈ സ്കോറിലേക്ക് എത്തിയത്. അവര്‍ക്കായി ആയുഷ് ബഡോണി (55*) നിക്കോളസ് പുരാൻ (48*) എന്നിവര്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 9.4 ഓവറിലാണ് 166 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മയുടെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ഹെഡ് 30 പന്തില്‍ 89 റണ്‍സ് നേടി. മറുവശത്ത് 28 പന്തില്‍ 75 റണ്‍സായിരുന്നു അഭിഷേക് ശര്‍മയുടെ സമ്പാദ്യം.