കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ ഏറ്റവും മൂല്യമേറിയ താരമായാണ് മിച്ചല്‍ സ്റ്റാര്‍ക്ക് 17-ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കാന്‍ എത്തിയത്. കഴിഞ്ഞ താര ലേലത്തില്‍ 24.75 കോടി രൂപയ്‌ക്കായിരുന്നു സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ തന്‍റെ മികവ് പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
കളിച്ച മത്സരങ്ങളിലേറെയും സ്റ്റാര്‍ക്ക് അടി വാങ്ങി. ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് പിന്നാലെ സ്റ്റാര്‍ക്കിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും കടുക്കുകയാണ്. മത്സരത്തില്‍ മൂന്ന് ഓവറുകളില്‍ 55 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റായിരുന്നു സ്റ്റാര്‍ക്ക് നേടിയത്. 18.33 ആയിരുന്നു ഇക്കോണമി.
മത്സരത്തില്‍ വിജയിക്കാനായി ബെംഗളൂരുവിന് അവസാന ഓവറില്‍ 21 റണ്‍സ് വേണ്ടിയിരിക്കെ സ്റ്റാര്‍ക്കിനെയായിരുന്നു കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പന്തേല്‍പ്പിച്ചത്. ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ കരണ്‍ ശര്‍മ സ്റ്റാര്‍ക്കിനെതിരെ മൂന്ന് സിക്‌സറുകടിച്ചാണ് മടങ്ങിയത്. സീസണില്‍ ഇതേവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നായി 287 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്.
25 ഓവറുകളിലെ 150 പന്തുകളില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഇത്രയും റണ്‍സ് വഴങ്ങിയത്. 11.48 ആണ് ഇക്കോണമി. നേടാന്‍ കഴിഞ്ഞതാവട്ടെ വെറും ആറ് വിക്കറ്റുകളും. ഇതുവരെ കളിച്ച ഓരോ മത്സരങ്ങളിലേയും സ്റ്റാര്‍ക്കിന്‍റെ പ്രകടനം എങ്ങനെയെന്ന് നോക്കാം...
സീസണ്‍ ഓപ്പണറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റര്‍മാര്‍ സ്റ്റാര്‍ക്കിനെ നിലത്ത് നിര്‍ത്തിയിരുന്നില്ല. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയ താരത്തിന് ഒരൊറ്റ വിക്കറ്റും ലഭിച്ചിരുന്നില്ല. 13.25 ആയിരുന്നു ഇക്കോണമി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയായിരുന്നു രണ്ടാമത്തെ മത്സരം. നാല് ഓവറില്‍ 11.75 ഇക്കോണമിയില്‍ 47 റണ്‍സ് വിട്ടുനല്‍കിയ താരത്തിന് ഈ മത്സരത്തിലും വിക്കറ്റ് ലഭിച്ചില്ല. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നേടാന്‍ സ്റ്റാര്‍ക്കിനായി.
8.33 ആയിരുന്നു ഇക്കോണമി. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയും സ്റ്റാര്‍ക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കെതിരെ മൂന്ന് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കിയെങ്കിലും വിക്കറ്റുണ്ടായിരുന്നില്ല. ലഖ്‌നൗവിനെതിരെ നാല് ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിഞ്ഞത് ആശ്വാസമാവുകയും ചെയ്‌തു.
എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ സ്റ്റാര്‍ക്ക് വീണ്ടും ചെണ്ടയായി. നാല് ഓവറില്‍ 50 റണ്‍സ് വിട്ടുനല്‍കിയ താരത്തിന് വിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു സ്റ്റാര്‍ക്ക് ഇന്നലെ ബെംഗളൂരുവിനെതിരെ കളിക്കാന്‍ ഇറങ്ങിയത്.
സീസണിലെ റണ്‍വേട്ടക്കാരുമായി സ്റ്റാര്‍ക്ക് വഴങ്ങിയ റണ്‍സ് താരതമ്യം ചെയ്യുകയാണെങ്കില്‍ ആദ്യ പത്തില്‍ തന്നെ സ്റ്റാര്‍ക്കിന് സ്ഥാനമുണ്ട്. പട്ടികയില്‍ തലപ്പത്തുള്ള വിരാട് കോലി നേടിയത് 379 റണ്‍സാണ്. ഇതിനേക്കാള്‍ നൂറ് റണ്‍സ് പോലും കുറവല്ല സ്റ്റാര്‍ക്ക് വഴങ്ങിയ 287 റണ്‍സ്.