കേപ്‌ടൗണ്‍ : ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരവും മുൻ പരിശീലകനുമായ മൈക്ക് പ്രോക്‌ടര്‍ (Mike Procter) അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയശസ്‌ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം (Mike Procter Passes Away).
ദക്ഷിണാഫ്രിക്കൻ ടീമിനായി ഏഴ് ടെസ്റ്റ് മത്സരങ്ങളിലാണ് ഓള്‍റൗണ്ടറായ മൈക്ക് പ്രോക്‌ടര്‍ കളിച്ചിട്ടുള്ളത്. 1967-70 വരെയുള്ള മൂന്ന് വര്‍ഷ കാലയളവിലാണ് ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ അദ്ദേഹം കളിക്കാനിറങ്ങിയത്. ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു എല്ലാ മത്സരങ്ങളും.
അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 42 വിക്കറ്റുകളായിരുന്നു പ്രോക്‌ടര്‍ സ്വന്തം പേരിലാക്കിയത്. വെടിക്കെട്ട് ബാറ്റിങ്ങിന് ഉടമയായിരുന്ന താരം 226 റണ്‍സും നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ വര്‍ണ വിവേചനത്തിന് ക്രിക്കറ്റില്‍ നിന്നും വിലക്കിയതോടെയായിരുന്നു പ്രോക്‌ടറുടെ അന്താരാഷ്‌ട്ര കരിയറിന് തിരശ്ശീല വീണത് (Mike Procter International Stats).
16 വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിച്ച പ്രോക്‌ടര്‍ 401 മത്സരങ്ങളില്‍ നിന്നും 21,936 റണ്‍സാണ് നേടിയത്. 48 സെഞ്ച്വറികളും 109 അര്‍ധസെഞ്ച്വറികളും അദ്ദേഹം സ്വന്തം പേരിലാക്കി. 1417 വിക്കറ്റുകളുമാണ് അദ്ദേഹത്തിന്‍റെ ഫസ്റ്റ് ക്ലാസ് കരിയറിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു സീസണില്‍ 500 റണ്‍സും 50 വിക്കറ്റും നേടിയ ഏക താരവും പ്രോക്‌ടറാണ് (Mike Procter First Class Cricket Stats).
വര്‍ണവിവേചനവുമായി ബന്ധപ്പെട്ട വിലക്ക് മാറി ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ടീമിന്‍റെ ആദ്യ പരിശീലകനായും പ്രോക്‌ടര്‍ സേവനമനുഷ്‌ഠിച്ചു. പ്രോക്‌ടര്‍ പരിശീലകനായിരിക്കെയാണ് ദക്ഷിണാഫ്രിക്കൻ ടീം ലോകകപ്പ് സെമിയില്‍ എത്തിയത്. 2002-2008 കാലയളവില്‍ ഐസിസി മാച്ച് റഫറിയുടെ റോളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.