രാജ്‌കോട്ട് : ഇന്ത്യയ്‌ക്ക് എതിരായ മൂന്നാം ടെസ്റ്റിനുള്ള (Rajkot Test) പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് (India vs England). വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റമാണ് ഇംഗ്ലീഷ് ടീം വരുത്തിയിരിക്കുന്നത്. പേസര്‍ മാര്‍ക്ക് വുഡ് (Mark Wood) ടീമിലേക്ക് തിരികെ എത്തി.
രാജ്‌കോട്ടില്‍ ഫെബ്രുവരി 15-നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് നിരയിലെ ഏക പേസറായിരുന്നു മാര്‍ക്ക് വുഡ്. എന്നാല്‍ വിക്കറ്റ് വീഴ്‌ത്താന്‍ 34-കാരന് കഴിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ വുഡിന് വിശ്രമം നല്‍കിയപ്പോള്‍ വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണാണ് ഇംഗ്ലീഷ് നിരയില്‍ കളിക്കാനിറങ്ങിയത്.
രാജ്‌കോട്ടില്‍ ആന്‍ഡേഴ്‌സണും വുഡും ചേര്‍ന്നായിരിക്കും ഇംഗ്ലീഷ് പേസ് ആക്രമണം നയിക്കുക. റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി എന്നിവരാണ് സ്‌പിന്നര്‍മാര്‍. രാജ്‌കോട്ടിലേത് ഫ്ലാറ്റ് വിക്കറ്റായതിനാല്‍ അധിക പേസറെ കളിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നതായി ഇംഗ്ലണ്ട് നായകന്‍ ബെൻ സ്റ്റോക്‌സ് (Shoaib Bashir) പറഞ്ഞു.
മാര്‍ക്ക് വുഡിന്‍റെ വരവോടെ യുവ ഓഫ് സ്‌പിന്നര്‍ ഷൊയ്‌ബ് ബഷീറാണ് പുറത്തായത്. വിശാഖപട്ടണത്ത് അരങ്ങേറ്റ മത്സരം കളിച്ച 20-കാരന്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളും ഇക്കൂട്ടത്തിലുണ്ട്.
ALSO READ: രോഹിത്തിന്‍റെ കുറ്റി പറത്തി നെറ്റ് ബോളര്‍ ; ക്യാപ്റ്റന്‍റെ ഫോമില്‍ ഇന്ത്യയ്‌ക്ക് ആശങ്ക
ഷൊയ്‌ബ് ബഷീർ തന്‍റെ ആദ്യ മത്സരത്തില്‍ തന്നെ അവിശ്വസനീയമാംവിധം മികച്ച പ്രകടനമാണ് നടത്തിയതെന്ന് ബെന്‍ സ്റ്റോക്‌സ് പറഞ്ഞു. ഈ പരമ്പരയിൽ തന്നെ താരത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നതിൽ തനിക്ക് സംശയമില്ലെന്നും ഇംഗ്ലീഷ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് കരിയറില്‍ തന്‍റെ 100-ാം മത്സരത്തിനാണ് ബെന്‍ സ്റ്റോക്‌സ് രാജ്‌കോട്ടില്‍ ഇറങ്ങുന്നത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ : സൗക്ക് ക്രൗളി, ബെന്‍ ഡെക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റ്‌ക്‌സ് (ക്യാപ്റ്റന്‍) ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ (England playing XI for Rajkot Test).
അതേസമയം ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ടെസ്റ്റിലെ ടീമില്‍ വലിയ മാറ്റം തന്നെ ഉണ്ടാവുമെന്നുറപ്പാണ്. ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിച്ച ശ്രേയസ് അയ്യരെ ബാക്കി മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയും രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരുടെ തിരിച്ചുവരവും ഉള്‍പ്പടെയുള്ള കാരണങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.
അഞ്ച് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 1-1ന് ഒപ്പത്തിനൊപ്പമാണ് ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍ ഉള്ളത്. ഹൈദരാബാദില്‍ 28 റണ്‍സിന്‍റെ വിജയം നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിശാഖപട്ടണത്ത് 106 റണ്‍സിന് കളിപിടിച്ചാണ് ഇന്ത്യ ഒപ്പം എത്തിയത്.