മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier league) മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) അഞ്ച് തവണ കിരീടങ്ങളിലേക്ക് നയിച്ച രോഹിത് ശര്‍മ (Rohit Sharma) ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ്. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ നീക്കിയ ഫ്രാഞ്ചൈസി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) ചുതല നല്‍കി. ഇതു വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച ആരാധകരില്‍ നിരവധി പേരാണ് ഫ്രാഞ്ചൈസിയെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അണ്‍ഫോളോ ചെയ്‌തത്. എപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക് ബൗച്ചര്‍ (Mark Boucher). ഇതു സംബന്ധിച്ച മാര്‍ക്ക് ബൗച്ചറുടെ വാക്കുകള്‍ ഇങ്ങിനെ....
വൈകാരികത മാറ്റി വയ്‌ക്കണം: "ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിന് ചുമതല നല്‍കിയത് പൂര്‍ണമായും ക്രിക്കറ്റ് തീരുമാനമായിരുന്നു. ട്രാൻസ്‌ഫർ വിന്‍ഡോയിലൂടെ ഒരു കളിക്കാരനായി ഹാര്‍ദിക് തിരികെ വരുന്നത് നമ്മള്‍ കണ്ടു. എന്നെ സംബന്ധിച്ചിടത്തോളം മുംബൈ ഇന്ത്യന്‍സില്‍ ഇതൊരു പരിവർത്തന ഘട്ടമാണ്.
എന്നാല്‍ ഇക്കാര്യം ഇന്ത്യയില്‍ ഏറെപ്പേര്‍ക്കും ഒരുപാട് ആളുകൾക്ക് മനസിലാകുന്നില്ല. ആളുകൾ വളരെ വികാരാധീനരാകുന്നു. പക്ഷെ, ഇക്കാര്യത്തില്‍ വൈകാരികത മാറ്റി വയ്‌ക്കേണ്ടതുണ്ട് " - മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.
ചിരിക്കുന്ന മുഖത്തോടെ രോഹിത് കളിക്കട്ടെ: ക്യാപ്റ്റൻസിയുടെ സമ്മര്‍ദം മാറിയതോടെ കളിക്കാരനെന്ന നിലയില്‍ രോഹിത് ശര്‍മയ്‌ക്ക് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കളി ആസ്വദിക്കാനും കൂടുതല്‍ റണ്‍സ് നേടാനും താരത്തെ അനുവദിക്കുകയാണ് വേണ്ടതെന്നും മാര്‍ക്ക് ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
"ഏറെ മികച്ച വ്യക്തിയാണ് രോഹിത് ശര്‍മ. ഏറെക്കാലമായി വളരെ മികച്ച രീതിയിലാണ് അവന്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചിട്ടുള്ളത്. ഇപ്പോള്‍ രോഹിത് ഇന്ത്യന്‍ ടീമിന്‍റേയും ക്യാപ്റ്റനാണ്. നിലവിലെ തീരുമാനത്തിലൂടെ ക്യാപ്റ്റന്‍സിയുടെ അധികഭാരമില്ലാതെ അവന് സ്വതന്ത്രമായി കളിക്കാനാവും. കഴിഞ്ഞ രണ്ട് സീസണുകളില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റുപയോഗിച്ച് അതിന് കഴിഞ്ഞിട്ടില്ല.
ഇന്ത്യയെ നയിക്കുന്നതിനൊപ്പം ഐപിഎല്ലിലും ക്യാപ്റ്റന്‍റെ ചുതല വഹിക്കുന്നത് ഒരു പക്ഷെ അദ്ദേഹത്തിന് അധിക സമ്മര്‍ദം നല്‍കിയേക്കാം. ചിരിക്കുന്ന മുഖത്തോടെ കളിക്കുന്ന രോഹിത് ശര്‍മയെ കാണാനും അദ്ദേഹത്തിന്‍റെ മനോഹരമായ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് കാണാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്" - മാര്‍ക് ബൗച്ചര്‍ പറഞ്ഞു നിര്‍ത്തി.
ഹാര്‍ദിക്കിന് പ്രശംസ: കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനെന്ന നിലയിലുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തേയും മാര്‍ക്ക് ബൗച്ചര്‍ അഭിനന്ദിച്ചു. ഗുജറാത്ത് ടൈറ്റൻസിനെ 2021-ലെ അരങ്ങേറ്റത്തിൽ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് കഴിഞ്ഞ സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തും എത്തിച്ചിരുന്നു.
"അവന്‍ മുംബൈ ഇന്ത്യന്‍സ് ബോയിയാണ്. മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറി അവിടെ ആദ്യ സീസണില്‍ കിരീടമുയര്‍ത്തി. രണ്ടാമത്തെ വര്‍ഷത്തില്‍ റണ്ണറപ്പായി. ഇതു തെളിയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി പാടവം മികച്ചതാണെന്നാണ്"- മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.