നയ്‌റോബി (കെനിയ) : മാരത്തണ്‍ ലോക റെക്കോഡിന് ഉടമയും കെനിയന്‍ താരവുമായ കെല്‍വിൻ കിപ്‌റ്റം (Kelvin Kiptum) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കിപ്റ്റം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തിനുള്ളില്‍ താരത്തിനൊപ്പം പരിശീലകൻ ജെര്‍വെയിസ് ഹക്കിസിമാനയും (Gervais Hakizimana) ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
ഷിക്കാഗോ മാരത്തണ്‍ 2 മണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തായിരുന്നു 24കാരനായ കെല്‍വിൻ കിപ്‌റ്റം ലോക റെക്കോഡ് സ്വന്തം പേരിലാക്കിയത് (Marathon World Record). കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു താരത്തിന്‍റെ നേട്ടം. ഏപ്രിലില്‍ നടക്കുന്ന റോട്ടെര്‍ഡാം മാരത്തണ്‍ രണ്ട് മണിക്കൂറില്‍ താഴെ സമയം കൊണ്ട് പൂര്‍ത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു താരം. ലോക റെക്കോഡ് നേട്ടത്തിന് ശേഷം ആദ്യമായി താരം പങ്കെടുക്കേണ്ടിയിരുന്ന വലിയ മാരത്തണ്‍ പോരാട്ടമായിരുന്നു ഇത്.