ലണ്ടൻ : എഫ്‌എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റയ്‌ക്കെതിരെ പടയൊരുക്കത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സെമി ഫൈനലില്‍ കൊവെന്‍ട്രി സിറ്റി എഫ്‌സിയെ തകര്‍ത്താണ് യുണൈറ്റഡ് എഫ്‌എ കപ്പ് കലാശപ്പോരിന് യോഗ്യത നേടിയത്. വെംബ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിജയം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും മൂന്ന് ഗോള്‍ സമനില പാലിച്ചു. ഇതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാല് അവസരം ഗോളാക്കി മാറ്റാനായി. മറുവശത്ത്, രണ്ട് അവസരങ്ങള്‍ മാത്രമായിരുന്നു കൊവെന്‍ട്രി സിറ്റി ലക്ഷ്യത്തിലേക്ക് എത്തിച്ചത്.
ഇരു ടീമും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞ മത്സരമായിരുന്നു വെംബ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മത്സരത്തിന്‍റെ 23-ാം മിനിറ്റില്‍ തന്നെ ലീഡ് പിടിക്കാൻ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു. ഡിയോഗോ ഡലോട്ടിന്‍റെ അസിസ്റ്റില്‍ നിന്നും സ്കോട്ട് മാക്ടോമിനെയായിരുന്നു യുണൈറ്റഡിനായി ആദ്യ ഗോള്‍ നേടിയത്.
പന്ത് കൈവശം വച്ച് കരുതലോടെ ഓരോ നീക്കങ്ങളും നടത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ലീഡ് രണ്ടാക്കി ഉയര്‍ത്താനായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹാരി മഗ്വെയറായിരുന്നു കൊവെൻട്രി വലയിലേക്ക് പന്ത് എത്തിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന്‍റെ ലീഡ് സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മത്സരത്തിന്‍റെ 58-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടാൻ സാധിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയായിരുന്നു യുണൈറ്റഡ് തങ്ങളുടെ ലീഡ് ഉയര്‍ത്തിയത്. പിന്നീടായിരുന്നു മത്സരത്തിലേക്ക് കൊവെന്‍ട്രിയുടെ അതിഗംഭീര തിരിച്ചുവരവ്.
മത്സരത്തിന്‍റെ 71-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ നേടി. മുന്നേറ്റനിര താരം എല്ലിസ് സിംസായിരുന്നു ഗോള്‍ സ്കോറര്‍. പത്ത് മിനിറ്റിനുള്ളില്‍ തന്നെ രണ്ടാം ഗോളും യുണൈറ്റഡ് വലയിലേക്ക് എത്തിക്കാൻ അവര്‍ക്കായി.
79-ാം മിനിറ്റില്‍ കാളം ഒ ഹാരിയായിരുന്നു അവര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. തുടര്‍ന്നും ആക്രമിച്ച് കളിച്ച കൊവെന്‍ട്രി സിറ്റി ഇഞ്ചുറി ടൈമിലാണ് സമനില ഗോള്‍ നേടുന്നത്. മത്സരത്തിന്‍റെ നിര്‍ണായക സമയത്ത് ലഭിച്ച പെനാല്‍റ്റി ഹാജി വ്രൈറ്റ് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ, മത്സരം എക്‌സ്‌ട്രാ ടൈമിലേക്കും ഷൂട്ട് ഔട്ടിലേക്കും നീങ്ങി.
ഷൂട്ട് ഔട്ടില്‍ ആദ്യ രണ്ട് അവസരവും ഗോളാക്കി മാറ്റിയ കൊവെന്‍ട്രി സിറ്റിക്ക് പിന്നീട് പിഴയ്‌ക്കുകയായിരുന്നു. മറുവശത്ത്, കാസിമിറോ ആദ്യ അവസരം നഷ്‌ടപ്പെടുത്തിയെങ്കിലും പിന്നീടെത്തിയ ഡിയോഗോ ഡാലോട്ട്, ക്രിസ്റ്റ്യൻ എറിക്‌സണ്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, റാസ്‌മസ് ഹോയ്‌ലുണ്ട് എന്നിവര്‍ ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് ജയം സ്വന്തമാക്കി എഫ്‌എ കപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.