ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ (Lok Sabha Election 2024) മത്സരിക്കുമെന്ന വാർത്തകൾ തള്ളി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. 'യു വി ക്യാൻ' ഫൗണ്ടേഷനിലൂടെ ആളുകളെ സഹായിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുവരാജ് സിങ് (Yuvraj Singh) ഗുരുദാസ്‌പൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
'ഞാൻ ഗുരുദാസ്‌പൂരിൽ നിന്ന് മത്സരിക്കുന്നില്ല. വിവിധ തലങ്ങളിലുള്ള ആളുകളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നത് YouWeCan എന്ന ഫൗണ്ടേഷനിലൂടെ തുടരും. കഴിവിൻ്റെ പരമാവധി അതിനായി പരിശ്രമിക്കും' - യുവരാജ് സിങ് എക്‌സിൽ കുറിച്ചു. കഴിഞ്ഞ മാസം യുവരാജ് സിങ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. സിനിമ താരമായ സണ്ണി ഡിയോളാണ് നിലവിൽ ഗുരുദാസ്‌പൂർ എംപി.
സ്ഥാനാർഥി പട്ടിക പുറത്തുവിടാന്‍ ബിജെപി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആദ്യ ഘട്ടത്തില്‍ 160 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിക്കുമെന്നാണ് വിവരം.