ലണ്ടൻ : ലൂട്ടണ്‍ ടൗണിനെതിരായ പ്രീമിയര്‍ ലീഗ് (Premier League) പോരാട്ടത്തില്‍ തകര്‍പ്പൻ ജയം സ്വന്തമാക്കി ലിവര്‍പൂള്‍ (Liverpool vs Luton Town Result). ആൻഫീല്‍ഡില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്‍റെ ജയം. ആദ്യം ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ലിവര്‍പൂള്‍ തിരിച്ചടിച്ചത്.
ആൻഫീല്‍ഡില്‍ സന്ദര്‍ശകരായെത്തിയ ലൂട്ടൺ ടൗണ്‍ മത്സരത്തിന്‍റെ 12-ാം മിനിറ്റില്‍ തന്നെ ആതിഥേയരെ ഞെട്ടിച്ചു. ഒഗ്ബെനെയാണ് മത്സരത്തിന്‍റെ തുടക്കത്തില്‍ സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. ഒന്നാം പകുതി അവസാനിക്കുന്നത് വരെ ഈ ലീഡ് നിലനിര്‍ത്താനും അവര്‍ക്കായി.
എന്നാല്‍, രണ്ടാം പകുതിയില്‍ കളി മാറി. സടകുടഞ്ഞെഴുന്നേറ്റ ലിവര്‍പൂള്‍ ലൂട്ടണ്‍ ടൗണിനെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനം കാഴ്‌ചവച്ചു. 56-ാം മനിറ്റില്‍ വാൻ ഡൈക്കാണ് (Virgil Van Dijk) ലിവര്‍പൂളിന് സമനില ഗോള്‍ സമ്മാനിച്ചത്.
മാക് അലിസ്റ്ററുടെ (Mac Allister) പാസില്‍ നിന്നും ഹെഡറിലൂടെയാണ് ലിവര്‍പൂള്‍ നായകൻ ഗോള്‍ കണ്ടെത്തിയത്. ഇതില്‍ നിന്നും ലൂട്ടണ്‍ ടൗണ്‍ കരകയറുന്നതിന് മുന്‍പ് തന്നെ ആഴ്‌സണല്‍ ലീഡ് ഉയര്‍ത്തി. കോഡി ഗാപ്‌കോയായിരുന്നു (Cody Gapko) ഇത്തവണ ഗോള്‍ സ്കോറര്‍.
മാക് അലിസ്റ്ററുടെ തന്നെ അസിസ്റ്റാണ് ലിവര്‍പൂളിന് രണ്ടാം ഗോളും നേടിക്കൊടുത്തത്. 71-ാം മിനിറ്റില്‍ ആതിഥേയര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആൻഡ്ര്യൂ റോബേര്‍ട്‌സണിന്‍റെ പാസില്‍ നിന്നും ലൂയിസ് ഡയസായിരുന്നു (Luis Diaz) ലിവര്‍പൂളിനായി ഗോള്‍ നേടിയത്.
90-ാം മിനിറ്റില്‍ ഹാര്‍വി എല്ലിയോട്ടിലൂടെ (Harvey Elliot) ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സീസണിലെ 26 മത്സരം പൂര്‍ത്തിയായപ്പോള്‍ ലിവര്‍പൂള്‍ സ്വന്തമാക്കുന്ന 18-ാമത്തെ ജയമായിരുന്നു ഇത്. ജയത്തോടെ, 60 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ചെമ്പടയ്‌ക്കായിട്ടുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ലിവര്‍പൂളിനെക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചാണ് സിറ്റി 56 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ളത്. അവസാന മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ചായിരുന്നു പെപ് ഗാര്‍ഡിയോളയുടെ ടീം പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്.
ബ്രെന്‍റ്‌ഫോര്‍ഡിനെതിരായ ജയത്തോടെ സിറ്റി പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ലീഗില്‍ 25 മത്സരം കളിച്ച ഗണ്ണേഴ്‌സിന് നിലവില്‍ 55 പോയിന്‍റാണ് ഉള്ളത് (Premier League Points Table Top 3).
Also Read : ഇഞ്ചുറി ടൈം ഗോളില്‍ ഞെട്ടി ആഴ്‌സണല്‍, ചാമ്പ്യൻസ് ലീഗില്‍ പോര്‍ട്ടോയ്‌ക്ക് നാടകീയ ജയം