ബ്യൂണസ് ഐറിസ്: അര്‍ജന്‍റൈന്‍ കുപ്പായത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ (Lionel Messi) കളികാണാനിരിക്കുന്ന ആരാധകര്‍ക്ക് വമ്പന്‍ നിരാശ. എൽ സാൽവഡോറിനും കോസ്റ്ററിക്കയ്ക്കുമെതിരായ അര്‍ജന്‍റീനയുടെ സൗഹൃദ മത്സരങ്ങളിൽ ക്യാപ്റ്റന്‍ കൂടിയായ ലയണല്‍ മെസി കളിക്കില്ല. പരിക്കേറ്റതിനെ തുടര്‍ന്ന് ഇരു ടീമുകള്‍ക്കെതിരെയും അമേരിക്കയില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ നിന്നും 36-കാരനെ ഒഴിവാക്കിയതായി അര്‍ജന്‍റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ (Argentina Football Association) അറിയിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോയ എക്‌സിലൂടെയാണ് ഫെഡറേഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് റോമ ഫോർവേഡ് പൗലോ ഡിബാല (Paulo Dybala), ബയർ ലെവർകുസൻ മിഡ്ഫീൽഡർ എക്‌സിക്വൽ പലാസിയോസ് (Exequiel Palacios), ബോൺമൗത്ത് ഡിഫൻഡർ മാർക്കോസ് സെനെസി (Marcos Senesi ) എന്നിവരും കളിച്ചേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച് 23-ന് ഫിലാഡെല്‍ഫിയയിലാണ് അര്‍ജന്‍റീന എൽ സാൽവഡോറിനെതിരെ കളിക്കുന്നത്. മാര്‍ച്ച് 27-ന് ലോസ് ആഞ്ചലസിലാണ് അര്‍ജന്‍റീന- കോസ്റ്ററിക്ക പോരാട്ടം (Argentina vs Costa Rica). അതേസമയം കഴിഞ്ഞയാഴ്‌ച കോണ്‍കകാഫ് ചാമ്പ്യന്‍ഷിപ്പ് കപ്പില്‍ (CONCACAF Champions Cup) ഇന്‍റര്‍ മയാമിക്കായി കളിക്കവെയേറ്റ പരിക്കാണ് മെസിക്ക് തിരിച്ചടിയായത്. നാഷ്‌വില്ലയ്‌ക്കെതിരായ (Nashville SC vs Inter Miami) പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വലത് കാലിന്‍റെ തുടയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം പകുതിയ്‌ക്ക് തൊട്ടുപിന്നാലെ തന്നെ മെസിയെ സബ്‌സ്‌റ്റിട്യൂട്ട് ചെയ്‌തിരുന്നു.
പിന്നീട് ഡിസി യുണൈറ്റഡിനെതിരായ മത്സരത്തില്‍ താരം ഇന്‍റര്‍ മയാമിക്കായി കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. മത്സരത്തിന് ശേഷം അര്‍ജന്‍റീനയുടെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ മെസി കളിക്കില്ലെന്ന് ഇന്‍റര്‍ മയാമി കോച്ച് ജെറാർഡോ മാർട്ടിനോ സൂചന നല്‍കിയിരുന്നു. അടുത്ത മാസം നടക്കുന്ന കോണ്‍കാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിന് മെസി ഇറങ്ങുമെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. ഒരു റിസ്‌ക് എടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ALSO READ: മൂന്നടിച്ച് എംബാപ്പെ, ഫ്രഞ്ച് ലീഗിൽ 'ആറാടി' പിഎസ്‌ജി...
അതേസമയം നാഷ്‌വില്ലെയ്‌ക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റ് കയറും മുമ്പ് മിന്നും പ്രകടനമായിരുന്നു ലോകകപ്പ് ജേതാവയ ലയണല്‍ മെസി നടത്തിയത്. ഗോളും അസിസ്റ്റുമായി താരം ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നാഷ്‌വില്ലയെ മയാമി തോല്‍പ്പിച്ചത്. മെസിയെ കൂടാതെ ലൂയി സുവാരസും ഗോളും അസിസ്റ്റും നേടിയിരുന്നു. റോബര്‍ട്ട് ടെയ്‌ലറുടെ വകയായിരുന്നു മയാമിയുടെ പട്ടികയിലെ മറ്റൊരു ഗോള്‍.