മ്യൂണിക് : യൂറോ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്‌പെയിൻ ഫോർവേഡ് ലാമിൻ യമാൽ. 16 വയസും 362 ദിവസവുമാണ് യമാലിന്‍റെ പ്രായം. ജൂലൈ 13 ന് യമാലിന് 17 വയസ് പൂര്‍ത്തിയാകും.
സ്വിറ്റ്‌സർലാൻഡ് താരം ജൊഹാൻ വോൺലാന്തന്‍റെ 18 വയസ് 141 ദിവസം എന്ന റെക്കോർഡാണ് താരം മറികടന്നത്. ലോകകപ്പിൽ ബ്രസീലിനായി ആദ്യ ഗോൾ നേടുമ്പോൾ പെലെയ്ക്ക് 17 വയസും 239 ദിവസവുമായിരുന്നു പ്രായം.
യൂറോ കപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെതിരെ ലോങ് റേഞ്ചർ ഷോട്ടിലൂടെയായിരുന്നു യമാലിന്‍റെ യൂറോയിലെ ആദ്യ ഗോൾ. മത്സരത്തിന്‍റെ 21-ാം മിനിറ്റിലാണ് യമാലിന്‍റെ ഗോളെത്തിയത്. താരത്തിന്‍റെ ഗോള്‍ നേട്ടത്തോടെ സ്‌പെയ്ന്‍ യൂറോ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്‌തു.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്‌പെയിനിന്‍റെ വിജയം. ഡാനി ഓല്‍മോയാണ് സ്‌പെയിന് വേണ്ടി മറ്റൊരു ഗോള്‍ നേടിയത്. ഫ്രാന്‍സിന് വേണ്ടി കോളോ മുവാനിയും ഗോള്‍ നേടി.