പാരിസ്: ഒളിമ്പിക്‌സിലെ പുരുഷ ബാഡ്‌മിന്‍റണ്‍ പോരില്‍ രണ്ടാം റൗണ്ടിലേക്ക് എളുപ്പം മുന്നേറാമെന്ന ലക്ഷ്യ സെന്നിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. എല്‍ ഗ്രൂപ്പില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചില്ലെങ്കില്‍ ഇന്ത്യൻ താരം നോക്ക് ഔട്ട് കാണാതെ പുറത്താകും. ആദ്യ മത്സരത്തിലെ ലക്ഷ്യയുടെ ജയം റദ്ദാക്കിയ സാഹചര്യത്തിലാണ് താരത്തിന്‍റെ മുന്നോട്ടുള്ള യാത്ര കൂടുതല്‍ കഠിനമായിരിക്കുന്നത്.
പുരുഷ ബാഡ്‌മിന്‍റണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഗ്വാട്ടിമാല താരം കെവിൻ കോര്‍ഡനെയായിരുന്നു ലക്ഷ്യ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു താരത്തിന്‍റെ ജയം. ഈ ജയമാണ് ബാഡ്‌മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷൻ റദ്ദാക്കിയിരിക്കുന്നത്.
ഗ്വാട്ടിമാല താരം കൈമുട്ടിന് പരിക്കേറ്റ് ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ഫെഡറേഷന്‍റെ നടപടി. കോര്‍ഡൻ പിന്മാറിയതോടെ ലക്ഷ്യ ഉള്‍പ്പെട്ട എല്‍ ഗ്രൂപ്പില്‍ ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റി, ബെല്‍ജിയം താരം ജൂലിയൻ കരാഗ്ഗി എന്നിവര്‍ മാത്രമായി. ഇതോടെയാണ് ഗ്രൂപ്പില്‍ നിന്നും നോക്ക് ഔട്ടിലേക്ക് കടക്കാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം വേണമെന്ന സ്ഥിതി ലക്ഷ്യ സെന്നിനുണ്ടായിരിക്കുന്നത്.
ബാഡ്‌മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍റെ നിയമം അനുസരിച്ചാണ് ലക്ഷ്യയുടെ ജയം റദ്ദാക്കിയത്. അസുഖം, പരിക്ക്, ഒഴിവാക്കാൻ സാധിക്കാത്ത മറ്റ് എന്തെങ്കിലും തടസങ്ങള്‍ കാരണം ഏതെങ്കിലും ഒരു താരത്തിനോ അല്ലെങ്കില്‍ സഖ്യത്തിനോ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കാൻ സാധിക്കാതെ വന്നാല്‍ അവര്‍ കളിച്ച മത്സരങ്ങളും ശേഷിക്കുന്ന മത്സരങ്ങളും റദ്ദാക്കുമെന്നാണ് നിയമത്തില്‍ പറയുന്നത്.
Also Read : ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പുറത്ത്; ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു