മുംബൈ: ഇന്ത്യയ്‌ക്കായി യുവതാരം ശുഭ്‌മാന്‍ ഗില്‍ (Shubman Gill) ഓപ്പണിങ്ങിന് ഇറങ്ങണമെന്ന് പിതാവും ആദ്യകാല പരിശീലകനുമായ ലഖ്‌വീന്ദർ സിങ് (Lakhwinder Singh). ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. എന്നാല്‍ അവന്‍റെ തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്നും ലഖ്‌വീന്ദർ സിങ് ഒരു വാര്‍ത്ത ഏജന്‍സിയോടാണ് പ്രതികരിച്ചത്.
"ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് തീര്‍ച്ചയായും അവന്‍ തുടരണം. ഡ്രസ്സിങ് റൂമിൽ കൂടുതൽ നേരം ഇരിക്കുമ്പോൾ സമ്മർദ്ദം വർദ്ധിക്കും. മൂന്നാം നമ്പര്‍ ഓപ്പണിങ് സ്‌പോട്ട് അല്ല, എന്നാല്‍ അതു മധ്യനിരയിലുമല്ല. ഗില്ലിന്‍റെ ശൈലി മൂന്നാം നമ്പറിന് യോജിച്ചതല്ല. പ്രതിരോധത്തിലൂന്നി കളിക്കുന്ന ചേതേശ്വര്‍ പുജാരയെപ്പോലുള്ള താരങ്ങള്‍ക്ക് പറ്റിയ സ്ഥാനമാണത്.
ന്യൂ ബോളാവുമ്പോളില്‍ കൂടുതല്‍ ലൂസ് ബോളുകള്‍ ലഭിക്കും. അഞ്ചോ-ആറോ ഓവറുകള്‍ കഴിഞ്ഞാണ് ക്രീസിലെത്തുന്നതെങ്കില്‍ ബോളിന് അപ്പോഴും തിളക്കമുണ്ടാവുമെങ്കിലും ലെങ്‌ത്തിന്‍റെ കാര്യത്തില്‍ ബോളര്‍ സെറ്റായിട്ടുണ്ടാവും"- ലഖ്‌വീന്ദർ സിങ് പറഞ്ഞു.
മൂന്നാം നമ്പറില്‍ ഇറങ്ങാനുള്ള ഗില്ലിന്‍റെ തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "അവന്‍റെ തീരുമാനത്തില്‍ ഞാന്‍ ഇടപെടില്ല. അവന് സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രായമുണ്ട്. കൗമാരപ്രായത്തിൽ മാത്രമാണ് അവന്‍റെ കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തത്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെഡ് ബോള്‍ ക്രിക്കറ്റില്‍ 24-കാരന്‍ ഫോം കണ്ടെത്തിയതിനുള്ള കാരണവും ലഖ്‌വീന്ദർ സിങ് ചൂണ്ടിക്കാട്ടി. സ്‌റ്റെപ്പൗട്ട് ചെയ്‌ത് കളിക്കാനുള്ള തീരുമാനമാണമാണ് താരത്തിന് ഗുണം ചെയ്‌തതെന്നാണ് അദ്ദേഹം പറയുന്നത്. "സ്‌റ്റെപ്പൗട്ട് ചെയ്‌ത് കളിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കാണുന്ന മാറ്റത്തിന് പിന്നില്‍. സമ്മര്‍ദമുണ്ടാക്കുന്നതിനാലാണ് നേരത്തെ അതവന്‍ നിര്‍ത്തിയത്.
ALSO READ: റെക്കോഡ് ബുക്കിലെ സെഞ്ചുറിത്തിളക്കം...ഓപ്പണിങ് ഇതിഹാസത്തിനൊപ്പം ഹിറ്റ്‌മാൻ...
അണ്ടര്‍ 16 കാലഘട്ടം മുതല്‍ക്ക് തന്നെ സ്‌പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ അവനത് ചെയ്യാറുണ്ടായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കഴിയാതെ വന്നാല്‍ തീര്‍ച്ചയായും അതു പ്രയാസങ്ങളുണ്ടാക്കും. എല്ലാം ആത്മവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഒരു നല്ല ഇന്നിങ്‌സ് ലഭിച്ചാല്‍ തന്നെ തന്‍റെ മികവിലേക്ക് ഒരു താരത്തിന് മടങ്ങിപ്പോകാന്‍ കഴിയും"- ലഖ്‌വീന്ദർ സിങ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ (India vs England 5th Test) ഗില്ലിന്‍റെ സെഞ്ചുറി നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ 150 പന്തുകളില്‍ 110 റണ്‍സായിരുന്നു ഗില്‍ നേടിയത്. 12 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
പരമ്പരയില്‍ ഗില്ലിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. ആദ്യ മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഗില്ലിന്‍റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരം മിന്നും പ്രകടനം നടത്തിയത്.