മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൊടിപിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി വിദഗ്ധർ വിഷയത്തില്‍ അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്.
യശസ്വി ജയ്‌സ്വാളിനും ശുഭ്‌മാന്‍ ഗില്ലിനും കൃഷ്‌ണമാചാരി ശ്രീകാന്ത് തെരഞ്ഞെടുത്ത ടീമില്‍ ഇടം ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്. വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ്. ശിവം ദുബെ, കെഎല്‍ രാഹുല്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. വിക്കറ്റ് കീപ്പറുടെ ചുമതലയും രാഹുലിനാണ്.
ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെത്തും. സ്‌പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് കളിക്കുക. ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് യൂണിറ്റില്‍ ആവേശ് ഖാന്‍, അര്‍ഷ് ദീപ് സിങ് എന്നിവര്‍ക്കാണ് ശ്രീകാന്ത് അവസരം നല്‍കിയിരിക്കുന്നത്. ഏറ്റവും രസകരകമായ കാര്യമെന്തെന്നുവച്ചാല്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ശ്രീകാന്ത് ഒഴിച്ചിട്ടിരിക്കുകയാണ്.
സഞ്ജു സാംസണും റിഷഭ് പന്തും തമ്മില്‍ കടുത്ത മത്സരം നടക്കുന്നതിനാലാണ് ഇവരില്‍ ഒരാളെ ശ്രീകാന്ത് തിരഞ്ഞെടുക്കാതിരുന്നത്. റിങ്കു സിങ്, അക്‌സർ പട്ടേൽ, ടി നടരാജന്‍ എന്നിവരെയും റിസര്‍വ് താരങ്ങളായി ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ ശ്രീകാന്ത് തന്‍റെ സ്‌ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട്.
അതേസമയം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താവുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്. രണ്ടാം വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിന്‍റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും സഞ്‌ജുവിനെ സ്‌ക്വാഡിലെടുത്തേക്കില്ലെന്നാണ് സംസാരം.
ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് സഞ്‌ജുവുണ്ട്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 161 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
കൃഷ്‌ണമാചാരി ശ്രീകാന്ത് തിരഞ്ഞെടുത്ത് ടീം: രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ടി നടരാജന്‍, സഞ്‌ജു സാംസണ്‍/ റിഷഭ് പന്ത്.