പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് രാജ്യത്തെ കായിക പ്രേമികള്‍. ഇന്ത്യയില്‍ അത്ര ജനപ്രിയമല്ലാത്ത കായിക വിനോദമാണെങ്കിലും ഗോള്‍ഫില്‍ ഏവരും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് അദിതി അശോക് എന്ന 26-കാരിയിലേക്കാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍ അപ്രതീക്ഷത മുന്നേറ്റം നടത്തിയാണ് അദിതി താരമായത്. ടോക്കിയോയില്‍ വനിതകളുടെ സ്ട്രേക്ക് പ്ലേയില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ പോലും വിറപ്പിക്കുന്ന പ്രകടനം കാഴ്‌ച വച്ച താരം നാലാം സ്ഥാനത്തെത്തിയിരുന്നു.
ഒളിമ്പിക്‌സില്‍ താരത്തിന്‍റെ രണ്ടാമത്തെ മാത്രം ഊഴമായിരുന്നുവിത്. 100 വര്‍ഷത്തെ ഇടവേളയക്ക് ശേഷം ഒളിമ്പിക്‌സിലേക്ക് ഗോള്‍ഫ് തിരിച്ചെത്തിയ 2016-ലെ റിയോ പതിപ്പിലായിരുന്നു അദിതി അരങ്ങേറ്റം നടത്തിയത്. അന്ന് മത്സരിക്കാനിറങ്ങിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു 18-കാരിയായിരുന്ന അദിതി.
റിയോയില്‍ രണ്ടാം റൗണ്ടിലെത്തിയ അദിതി 41-ാം സ്ഥാനത്തെത്തിയിരുന്നു. ടോക്കിയോയിൽ, വെങ്കലത്തിന് തൊട്ടടുത്ത് വീണെങ്കിലും തന്‍റെ യഥാർഥ കഴിവ് ലോകത്തിന് മുന്നില്‍ കാണിച്ചുകൊണ്ടാണ് താരം മടങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പോഡിയം മാത്രം ലക്ഷ്യം വച്ചാണ് അദിതി ഇറങ്ങുന്നത്.
ALSO READ: പാരിസില്‍ രണ്ടാം ഒളിമ്പിക് മെഡല്‍ 'പൊക്കും' മീരാബായ് ചാനു - Mirabai Chanu Paris Olympics 2024
2023-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടം താരത്തിന് ആത്മവിശ്വാസം പകരും. അതിഥിയെ കൂടാതെ ശുഭങ്കർ ശർമ്മ, ഗഗൻജിത് ഭുള്ളർ, ദിക്ഷ ദാഗർ എന്നിവരും ഗോള്‍ഫില്‍ ഇന്ത്യയ്‌ക്കായി പൊരുതാനിറങ്ങുന്നുണ്ട്.