മുംബൈ: ഇംഗ്ലണ്ടിനെതിരായ (India vs England) ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ കെഎല്‍ രാഹുല്‍ (KL Rahul), രവീന്ദ്ര ജഡേജ (Ravindra jadeja) എന്നിവരെ തിരികെ വിളിച്ചിരുന്നു. ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഇരുവര്‍ക്കും വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് നഷ്‌ടമായിരുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇരുവരേയും ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നസിന് വിധേയമായി ആയിരിക്കും ഇരുവരും കളിക്കുകയെന്ന് ബിസിസിഐ സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് 31-കാരനായ രാഹുല്‍ തിരിച്ച് വരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നെറ്റ്സിലെ ബാറ്റിങ് പരിശീനത്തിന്‍റെ വീഡിയോയാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടിരിക്കുന്നത്. പരിക്കിന്‍റെ ലക്ഷണങ്ങളില്ലാതെ മനോഹരമായ കവര്‍ ഡ്രൈവ് കളിക്കുന്ന രാഹുലിനെയാണ് പ്രസ്‌തുത വീഡിയോയില്‍ കാണാന്‍ കഴിയുക. ഹൈദരാബാദ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടി തിളങ്ങാന്‍ രാഹുലിന് കഴിഞ്ഞിരുന്നു.
എന്നാല്‍ രവീന്ദ്ര ജഡേജയുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതേവരെ പുറത്ത് വന്നിട്ടില്ല. ഇരുവരേയും കൂടാതെ പേസര്‍ മുഹമ്മദ് സിറാജിനേയും ശേഷിക്കുന്ന മത്സരങ്ങള്‍ക്കായുള്ള സ്‌ക്വാഡിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ സിറാജിന് വിശ്രമം അനുവദിച്ചിരുന്നു.
അതേസമയം പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ സ്‌പിന്നര്‍ ജാക്ക് ലീച്ച് (Jack Leach) ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും കളിക്കില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഹൈദരാബാദ് ടെസ്റ്റിനിടെ തന്നെയാണ് 32-കാരനായ ജാക്ക് ലീച്ചിനും പരിക്ക് പറ്റുന്നത്. ഫീല്‍ഡിങ്ങിനിടെ താരത്തിന്‍റെ കാല്‍മുട്ടിനായിരുന്നു പരിക്ക് പറ്റിയത്. ഇതേതുടര്‍ന്ന് വിശാഖപട്ടണത്ത് അരങ്ങേറിയ രണ്ടാം ടെസ്റ്റില്‍ ഇടങ്കയ്യന്‍ സ്‌പിന്നര്‍ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്‌കോട്ടില്‍ ഫെബ്രുവരി 15-നാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.
അഞ്ച് മത്സര പരമ്പരയിലെ രണ്ട് ടെസ്റ്റുകള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടും ഇന്ത്യയും 1-1ന് സമനിലയിലാണ്. ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് ഇന്ത്യയെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിയിടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിശാഖപട്ടണത്ത് അരങ്ങേറിയ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് വിജയിച്ച ഇന്ത്യ ഒപ്പമെത്തുകയായിരുന്നു.
ഇന്ത്യ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്. (India Squad For Last 3 Test Against England)