ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന് (KL Rahul) ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും (India vs England 5th Test ) നഷ്‌ടമായേക്കും. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ തുടയ്‌ക്ക് പരിക്കേറ്റ രാഹുലിന് തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച അസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നസിന് വിധേയമായി ആയിരിക്കും താരം കളിക്കുകയെന്ന് ബിസിസിഐ സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു.
മൂന്നാം ടെസ്റ്റിന് മുന്നോടിയായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരത്തിന് 90 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസിലേക്ക് മടങ്ങിയെത്താന്‍ മാനേജ്‌മെന്‍റ് താരത്തിന് സമയം അനുവദിക്കുകയായിരുന്നു. നിലവില്‍ 31-കാരനെ കൂടുതല്‍ വിദഗ്‌ധ പരിശോധനകള്‍ക്കായി ബിസിസിഐ ലണ്ടനിലേക്ക് അയച്ചതായാണ് വിവരം.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 3-1ന് ആതിഥേയര്‍ മുന്നിലാണ്. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ രാഹുലിന്‍റെ കാര്യത്തില്‍ മാനേജ്‌മെന്‍റ് തിടുക്കം കാട്ടാന്‍ ഇടയില്ലെന്നുമാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഏഴിന് ധര്‍മ്മശാലയിലാണ് ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആരംഭിക്കുക.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. ഹൈദരാബാദില്‍ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വിയായിരുന്നു ആതിഥേയര്‍ വഴങ്ങിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെ തറപറ്റിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
വിശാഖപട്ടണത്ത് അരങ്ങേറിയ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിനായിരുന്നു രോഹിത് ശര്‍മയും സംഘവും വിജയിച്ചത്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലാവട്ടെ 434 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയിലേക്കാണ് ഇംഗ്ലണ്ടിനെ ആതിഥേയര്‍ തള്ളിവിട്ടത്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. പിന്നീട് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിക്കറ്റുകള്‍ക്കും ആതിഥേയര്‍ ജയിച്ച് കയറി.
ഇതോടെ പരമ്പര ഉറപ്പിക്കാനും രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും കഴിഞ്ഞു. ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിന് നഷ്‌ടപ്പെടുന്ന ആദ്യ പരമ്പരയാണിത്. ഇതിന് മുന്നെ കളിച്ച ഏഴ് പരമ്പരകളില്‍ നാലിലും വിജയിച്ച ഇംഗ്ലീഷ് ടീം, മൂന്നെണ്ണം സമനിലയിലും പിടിച്ചിരുന്നു.
ALSO READ: മിടുമിടുക്കന്‍; ആയാള്‍ അടുത്ത എംഎസ് ധോണി; രോഹിത്തിനെ പുകഴ്‌ത്തി സുരേഷ് റെയ്‌ന
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ (സി), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, കെഎൽ രാഹുൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ജസ്‌പ്രീത് ബുംറ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.