ചെന്നൈ: ഐപിഎൽ പതിനേഴാം പതിപ്പിന്‍റെ കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 114 റൺസ് വിജയലക്ഷ്യം. ചെപ്പോക്കിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിൽ ആണ് കെകെആർ എറിഞ്ഞിട്ടത്. മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസൽ, രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്‌റ്റാർക്, ഹർഷിത് റാണ എന്നിവരുടെ ബൗളിങ് മികവിലാണ് ഹൈദരാബാദിനെ കൊൽക്കത്ത എറിഞ്ഞൊതുക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് തുടക്കം തന്നെ പാളി. പവർപ്ലേയിൽ തന്നെ മൂന്ന് വിക്കറ്റാണ് അവർക്ക് നഷ്‌ടമായത്. ഓപ്പണർ അഭിഷേക് ശർമയെ (2) ആദ്യ ഓവറിലെ അഞ്ചാം പന്തിൽ മിച്ചൽ സ്‌റ്റാർക് മടക്കി.
വൈഭവ് ആറോറ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യപന്തിൽ തന്നെ ട്രാവിസ് ഹെഡ് ഗോൾഡൻ ഡക്കായി. മൂന്നാം നമ്പറിൽ ക്രീസിൽ എത്തിയ രാഹുൽ തൃപാഠിയും (9) അതിവേഗം വീണു. മിച്ചൽ സ്‌റ്റാർക് ആണ് തൃപാഠിയുടെ വിക്കറ്റും സ്വന്തമാക്കിയത്.
നിതീഷ് റെഡ്‌ഡി (13), എയ്‌ഡൻ മാർക്രം (20), ഷഹബാസ് അഹമ്മദ് (8), അബ്‌ദുൽ സമദ് (4) എന്നിവർക്കും മികവിലേക്ക് ഉയരാൻ സാധിച്ചില്ല. മധ്യനിരയിൽ പ്രതീക്ഷയായിരുന്ന ക്ലാസൻ 16 റൺസുമായി മടങ്ങിയതും ഓറഞ്ച് പടയ്ക്ക് ക്ഷീണമായി. വാലറ്റത്ത് നായകൻ പാറ്റ് കമ്മിൻസിന്‍റെ ചെറുത്ത് നിൽപ്പായിരുന്നു ഹൈദരാബാദിനെ വമ്പൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്.
Also Read: