ചെന്നൈ: ഐപിഎൽ പതിനേഴാം പതിപ്പിലെ ചാമ്പ്യൻമാരായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് ഹൈദരാബാദിനെ 113 റൺസിൽ എറിഞ്ഞിട്ട കൊൽക്കത്ത 10.3 ഓവറിൽ 8 വിക്കെറ്റ് ശേഷിക്കേ വിജയത്തിൽ എത്തുകയായിരുന്നു. മൂന്നാം നമ്പറിൽ ക്രീസിൽ എത്തി തകർത്തടിച്ച വെങ്കടേഷ് അയ്യറുടെ (26 പന്തിൽ 52*) പ്രകടനമാണ് കെകെ ആറിന് അനായാസ ജയമൊരുക്കിയത്.
ഐപിഎൽ ചരിത്രത്തിൽ കൊൽക്കത്തയുടെ മൂന്നാം കിരീട നേട്ടമാണിത്. നേരത്തെ ഗൗതം ഗംഭീറിന് കീഴിൽ 2012, 2014 വർഷങ്ങളിൽ ആയിരുന്നു കൊൽക്കത്ത ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്.
ഹൈദരാബാദിനെ 18.3 ഓവറില്‍ 113 റൺസിൽ എറിഞ്ഞൊതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണാർ സുനിൽ നരെയ്നെ നഷ്‌ടമായി. രണ്ട് പന്തിൽ ആറ് റൺസ് നേടിയ നരെയ്നെ പാറ്റ് കമ്മിൻസ് ആണ് പുറത്താക്കിയത്. നരെയ്നെ തുടക്കത്തിലെ നഷ്‌ടമായെങ്കിലും മൂന്നാം നമ്പറിൽ എത്തി യാതൊരു സമ്മർദവും ഇല്ലാതെ വെങ്കടേഷ് അയ്യർ ബാറ്റ് വീശിയാതോടെ കൊൽക്കത്ത സ്‌കോർ അതിവേഗം ഉയർന്നു.
റഹ്മനുള്ള ഗുർബസും (39) അയ്യർക്ക് മികച്ച പിന്തുണ നൽകി. ജയത്തിന് അരികിൽ ഗുർബാസ് വീണെങ്കിലും പിന്നാലെ വന്ന നായകൻ ശ്രേയസ് അയ്യർ (6*) വെങ്കടെഷിനൊപ്പം കൊൽക്കത്തയെ മൂന്നാം കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.
ഫൈനലില്‍ ടോസ് മാത്രമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനുകൂലഘടകമായി മാറിയത്. പിന്നീട് മത്സരത്തിലുടനീളം ആധിപത്യം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തന്‍റെ തീരുമാനം തെറ്റിപ്പോയെന്ന് ആദ്യ രണ്ട് ഓവറുകള്‍ക്കുള്ളില്‍ തന്നെ ഹൈദരാബാദ് നായകന് കാട്ടിക്കൊടുക്കുന്നതായിരുന്നു കൊല്‍ക്കത്തൻ ബൗളര്‍മാരുടെ പ്രകടനം.
ആദ്യ ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (2) മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡും (0) കൂടാരം കയറിയതോടെ ഹൈദാരാബാദിന്‍റെ തുടക്കം തന്നെ പാളി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ രാഹുല്‍ തൃപാഠിയ്‌ക്കും (9) മികവിലേക്ക് ഉയരാൻ സാധിച്ചില്ല.
നിതീഷ് കുമാര്‍ റെഡ്ഡി (13), എയ്‌ഡൻ മാര്‍ക്രം (20), അബ്‌ദുല്‍ സമദ് (4) എന്നിവരടങ്ങിയ മധ്യനിരയും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. കരുതലോടെ കളിക്കാനായിരുന്നു വെടിക്കെട്ട് ബാറ്റര്‍ ഹെൻറിച്ച് ക്ലാസന്‍റെ ശ്രമം. എന്നാല്‍, 17 പന്തില്‍ 16 റണ്‍സ് നേടിയ താരത്തിനെ 15-ാം ഓവറില്‍ ഹര്‍ഷിത് റാണ മടക്കിയതോടെ ഹൈദബാദിന്‍റെ അവസാന പ്രതീക്ഷയും അസ്‌തമിക്കുകയായിരുന്നു.
അവസാന ഓവറുകളില്‍ നായകൻ പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്ത് നില്‍പ്പാണ് അവരുടെ സ്കോര്‍ 100 എങ്കിലും കടത്തിയത്. മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രേ റസല്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
Also Read: