ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ മിന്നുന്ന പ്രകടനവുമായി ന്യൂസിലൻഡിന്‍റെ സ്റ്റാർ ബാറ്റര്‍ കെയ്ൻ വില്യംസൺ. ആദ്യ ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടിയ താരം രണ്ടാം ഇന്നിംഗ്‌സിൽ 30 റൺസിന്‍റെ ഇന്നിംഗ്‌സ് കളിച്ചു. രണ്ടാം ഇന്നിംഗ്‌സിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 18,199 റൺസ് നേടിയ റോസ് ടെയ്‌ലറുടെ റെക്കോർഡ് വില്യംസൺ തകർത്തു. വലംകൈയ്യൻ ബാറ്റര്‍ മത്സരത്തിന് മുമ്പ് റെക്കോർഡിന് 72 റൺസ് അകലെയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ ക്രീസിലിരിക്കെയാണ് താരം നേട്ടം കൈവരിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 359 മത്സരങ്ങളിൽ നിന്ന് 48.18 ശരാശരിയിൽ 18,213 റൺസാണ് വില്യംസണിന്‍റെ സമ്പാദ്യം. 2010ൽ ഇന്ത്യയ്‌ക്കെതിരെയാണ് 34 കാരനായ വില്യംസൺ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്.
അതേ വർഷം ഇന്ത്യയ്‌ക്കെതിരെ റെഡ് ബോളില്‍ അരങ്ങേറ്റം കുറിച്ച താരം അടുത്ത വർഷം സിംബാബ്‌വെയ്‌ക്കെതിരെ തന്‍റെ ആദ്യ ടി20 മത്സരം കളിച്ചു. 101 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8828 റൺസും ഏകദിനത്തിൽ 6810 റൺസും 93 ടി20 മത്സരങ്ങളിൽ നിന്ന് 2575 റൺസും താരം നേടി.
ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയും ആകെ 305 റൺസ് നേടുകയും ചെയ്തു. കമിന്ദു മെൻഡിസ് 114 റൺസെടുത്തപ്പോൾ കുശാൽ മെൻഡിസ് 50 റൺസെടുത്തു. ന്യൂസിലൻഡിനായി വില്യം ഒ റൂർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 340 റൺസെടുത്തു. ടോം ലാഥം 70 റൺസും കെയ്ൻ വില്യംസൺ 55 റൺസും നേടി.പിന്നാലെ അജാസ് പട്ടേലിന്‍റെ ആറ് വിക്കറ്റിന്‍റെ ബലത്തിൽ ആതിഥേയ ടീമിനെ 309 റൺസിൽ ഒതുക്കിയ ന്യൂസിലൻഡ് 275 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടരുകയാണ്.