കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വിയായിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഏറ്റുവാങ്ങിയത്. മുള്‍ട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ടോസ് നേടി ആദ്യ ബാറ്റ് ചെയ്‌ത് ഒന്നാം ഇന്നിങ്‌സില്‍ 556 റണ്‍സ് പാകിസ്ഥാൻ അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 823 എന്ന റണ്‍മല സൃഷ്‌ടിച്ചതോടെ പാക് പടയ്‌ക്ക് ഇന്നിങ്‌സിനും 47 റണ്‍സിനും സന്ദര്‍ശകര്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരികയായിരുന്നു.
തോല്‍വിയ്‌ക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം കമ്രാൻ അക്‌മല്‍. ലോക്കല്‍ ടീമിന്‍റെ നിലവാരത്തിലാണ് പാകിസ്ഥാൻ ദേശീയ ടീം കളിച്ചതെന്നും താരങ്ങള്‍ക്ക് സ്വാര്‍ഥ താത്‌പര്യങ്ങള്‍ മാത്രമാണുള്ളതെന്നും അക്‌മല്‍ തുറന്നടിച്ചു. യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് താരത്തിന്‍റെ വിമര്‍ശനം.
'പാകിസ്ഥാൻ തോറ്റ രീതി കണ്ട് ലോകം തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്. അവരുടെ തോല്‍വി ആരും വിശ്വസിക്കില്ല. ശരിക്കും പാകിസ്ഥാൻ ഒരു പ്രാദേശിക ടീമായി മാറിയിട്ടുണ്ട്.
ക്ലബ് ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍ പോലും ഇതുപോലെയുള്ള പ്രകടനങ്ങള്‍ നടത്താറില്ല. ഇതാണ് ഞങ്ങളുടെ ടീമിന്‍റെ നിലവിലെ നിലവാരം. ചെറിയ ടീമുകള്‍ക്കെതിരെ ഞങ്ങള്‍ ജയിക്കും, വലിയ ടീമുകള്‍ എത്തുമ്പോള്‍ കളി മറക്കും. ലോകം മുഴുവൻ പാകിസ്ഥാൻ ടീമിനെ നോക്കി ചിരിക്കുകയാണ്.
സ്വാര്‍ഥ സമീപനമാണ് ഇപ്പോള്‍ ടീമിനുള്ളത്. താരങ്ങള്‍ എല്ലാം അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കളിക്കുന്നത്. അത് കഴിഞ്ഞിട്ടേ അവര്‍ക്ക് ടീമിനെ കുറിച്ച് ചിന്തിക്കാറുള്ളു'- കമ്രാൻ അക്‌മല്‍ പറഞ്ഞു.
Also Read : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ മൂക്കുകുത്തി വീണ് പാകിസ്ഥാന്‍