സിഡ്‌നി : രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്താൻ തനിക്ക് താത്‌പര്യം ഇല്ലെന്ന് ജസ്റ്റിൻ ലാംഗര്‍. നേരത്തെ, സ്റ്റീഫൻ ഫ്ലെമിങ്, റിക്കി പോണ്ടിങ്, മഹേല ജയവര്‍ധനെ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരുകൂടിയായിരുന്നു ജസ്റ്റിൻ ലാംഗറുടേത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ മുന്‍പ് താത്‌പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കെഎല്‍ രാഹുലിന്‍റെ ഉപദേശമാണ് തീരുമാനത്തില്‍ നിന്നും പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മുഖ്യപരിശീലകൻ കൂടിയായ ജസ്റ്റിൻ ലാംഗര്‍ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകൻ ആകുക എന്നത് അത്ഭുതകരമായ ജോലി ആയിരിക്കുമെന്നാണ് നേരത്തെ ജസ്റ്റിൻ ലാംഗര്‍ പറഞ്ഞത്. എന്നാല്‍, ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് വളരെയേറെ സമ്മര്‍ദം നിറഞ്ഞ ജോലിയാണെന്നും ഐപിഎല്‍ ഫ്രാഞ്ചൈസിയെ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ആയിരം മടങ്ങ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നും കെഎല്‍ രാഹുല്‍ തന്നോട് പറഞ്ഞതായി ജസ്റ്റിൻ ലാംഗര്‍ വെളിപ്പെടുത്തി. ഒരു വിദേശ മാധ്യമത്തിന്‍റെ പോഡ്‌കാസ്റ്റില്‍ സംസാരിക്കുമ്പോഴായിരുന്നു ജസ്റ്റിൻ ലാംഗറുടെ പ്രതികരണം.
'അത്ഭുതകരമായ ഒരു ജോലി ആയിരിക്കും എന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ പോലും ഇപ്പോള്‍ ഈ റോളിലേക്കുള്ള മത്സരത്തില്‍ നിന്നും ഞാൻ എന്നെ തന്നെ മാറ്റി നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചെല്ലാം എനിക്ക് നന്നായി അറിയാം.
ഓസ്‌ട്രേലിയൻ ടീമിനൊപ്പം നാല് വര്‍ഷം ഞാൻ ഇതേ ജോലികള്‍ ചെയ്‌തതാണ്. സത്യസന്ധമായി പറഞ്ഞാല്‍ നമ്മളെ ക്ഷീണിപ്പിക്കുന്ന ഒരു ജോലിയാണ് ഇത്. എന്നാല്‍, അത് ഒരു ഓസ്‌ട്രേലിയൻ ജോലികൂടിയായിരുന്നു.
ഇവിടെ ഞാൻ ഈ കാര്യത്തെ കുറിച്ച് കെഎല്‍ രാഹുലുമായി സംസാരിച്ചിരുന്നു. ഒരു ഐപിഎല്‍ ടീമില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന സമ്മദര്‍ദത്തേയും രാഷ്‌ട്രീയത്തേയും ആയിരം മടങ്ങില്‍ അധികമായി ഇന്ത്യൻ ടീമില്‍ നിന്നും നേരിടേണ്ടി വരുമെന്നാണ് കെഎല്‍ രാഹുല്‍ പറഞ്ഞത്. അതൊരു നല്ല ഉപദേശമായി എനിക്ക് അനുഭവപ്പെടുകയും ചെയ്‌തു'- ലാംഗര്‍ പറഞ്ഞു.
ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡുമായുള്ള ബിസിസിഐയുടെ കരാര്‍ അവസാനിക്കുന്നത്. നേരത്തെ, കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇത് പിന്നീട് ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു.