മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ (UEFA Champions League Round Of 16) ഒന്നാം പാദ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് (Real Madrid) ആശങ്കയായി താരങ്ങളുടെ പരിക്ക്. മധ്യനിരയിലെ പ്രധാനി ജൂഡ് ബെല്ലിങ്‌ഹാം (Jude Bellingham), പ്രതിരോധനിര താരം അന്‍റോണിയോ റൂഡിഗെര്‍ (Antonio Rudiger) എന്നിവരാണ് നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള റയല്‍ മാഡ്രിഡ് താരങ്ങള്‍. ഇരുവര്‍ക്കും ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 14ന് നടക്കുന്ന ആർബി ലീപ്‌സിഗിനെതിരായ മത്സരം നഷ്‌ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട് (RB Leipzig vs Real Madrid).
ലാ ലിഗ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ജിറോണയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ജൂഡ് ബെല്ലിങ്‌ഹാമിന് പരിക്കേറ്റത്. മത്സരത്തില്‍ ബെല്ലിങ്‌ഹാം രണ്ട് ഗോളുകള്‍ നേടിയിരുന്നു. രണ്ടാമത്തെ ഗോള്‍ സ്കോര്‍ ചെയ്‌തതിന് പിന്നാലെ മത്സരത്തിന്‍റെ 57-ാം മിനിറ്റില്‍ ബെല്ലിങ്‌ഹാമിനെ സബ്‌സ്റ്റിട്യൂട്ട് ചെയ്യുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന്, പരിക്ക് ഗുരുതരമല്ലെന്നും ബെല്ലിങ്‌ഹാമിന് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റയല്‍ പരിശീലകന്‍ കാര്‍ലോ ആൻസലോട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ താരത്തിന്‍റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയും രണ്ടാഴ്‌ചയോളം വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള താരം ആർബി ലീപ്‌സിഗിനെതിരായ രണ്ടാം പാദ മത്സരത്തിന് മുന്‍പ് ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് റയലിന്‍റെ പ്രതീക്ഷ.
കപ്പിലേക്ക് അടുക്കാന്‍ ചാമ്പ്യന്മാര്‍: ഫെബ്രുവരി 14നാണ് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒന്നാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. ക്ലബ് ഫുട്‌ബോളിലെ വമ്പന്മാരായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ അന്നേ ദിവസം കളിക്കാനിറങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ ഡെൻമാര്‍ക്ക് ക്ലബായ എഫ്‌സി കോപ്പൻഹേഗനെ എവേ മത്സരത്തിലാണ് നേരിടുന്നത് (FC Copenhagen vs Manchester City).
ജര്‍മന്‍ ക്ലബ് ആർബി ലീപ്‌സിഗാണ് റയലിന്‍റെ എതിരാളി. ആദ്യ പാദത്തില്‍ റയലും എവേ മത്സരമാണ് കളിക്കുന്നത്. പിഎസ്‌ജി, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ ഫെബ്രുവരി 15നാണ് ആദ്യ പാദ മത്സരങ്ങള്‍ക്കിറങ്ങുന്നത്.
ഹോം മത്സരത്തില്‍ പിഎസ്‌ജി സ്‌പാനിഷ് ക്ലബ് റയല്‍ സോസിഡാഡിനെ (PSG vs Real Sociedad) നേരിടുമ്പോള്‍ ബയേണ്‍ മ്യൂണിക്ക് എവേ മത്സരത്തില്‍ ഇറ്റാലിയൻ ക്ലബ് ലാസിയോയുമായി (Lazio vs Bayern Munich) ഏറ്റുമുട്ടും. ഫെബ്രുവരി 22-നാണ് ബാഴ്‌സലോണ, ആഴ്‌സണല്‍ ടീമുകളുടെ ആദ്യ പാദ മത്സരങ്ങള്‍ (Barcelona vs Napoli). നാപോളി, പോര്‍ട്ടോ ടീമുകളാണ് സ്‌പാനിഷ് ഇംഗ്ലീഷ് ടീമുകളുടെ എതിരാളികള്‍ (Porto vs Arsenal). ഫെബ്രുവരി 21ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് - പിഎസ്‌വി (PSV vs Dortmund), അത്‌ലറ്റിക്കോ മാഡ്രിഡ് - ഇന്‍റര്‍ മിലാന്‍ (Atletico Madrid vs Inter Milan) ടീമുകളും ഒന്നാം പാദ മത്സരങ്ങള്‍ക്കിറങ്ങും. മാര്‍ച്ച് 6, 7, 13, 14 തീയതികളിലാണ് രണ്ടാം പാദ മത്സരങ്ങള്‍.
Also Read : ആഴ്‌സണലിന്‍റെ 'ആറാട്ട്'; പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിന് വമ്പന്‍ തോല്‍വി