ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ആരംഭിക്കും (India vs England 5th Test). ധര്‍മശാലയില്‍ മാര്‍ച്ച് ഏഴിനാണ് അഞ്ചാം ടെസ്റ്റിന് തുടക്കമാവുന്നത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതരയ്‌ക്കാണ് ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരിശീലന സെഷന്‍ നിശ്ചയിച്ചിരിക്കുന്നത്.
റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിന് ശേഷമുള്ള ഇടവേളയ്‌ക്ക് ശേഷം മാര്‍ച്ച് മൂന്നിന് ധര്‍മശാലയിലേക്ക് എത്തിച്ചേരാനാണ് സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജാംനഗറിൽ ആന്ദന് അംബാനി- രാധിക മര്‍ച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ധര്‍മശാലിയേക്ക് തിരിക്കുക. കുൽദീപ് യാദവ്, സർഫറാസ് ഖാൻ തുടങ്ങിയ താരങ്ങൾ നേരത്തെ തന്നെ ഇവിടെ എത്തിയിട്ടുണ്ട്.
ധർമ്മശാലയിൽ മഴ പെയ്യുന്നതിനാൽ, നാളത്തെ പരിശീലന സെഷൻ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഉച്ചയ്‌ക്ക് ഒന്നര മുതല്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ പരിശീലന സെഷന്‍ നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടാനാണ് സാധ്യത.
അതേസമയം നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3-1ന് പരമ്പര സ്വന്തമാക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ആതിഥേയര്‍ പരമ്പര പിടിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. പിന്നീട് വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കുമാണ് ഇംഗ്ലീഷ് ടീമിനെ ആതിഥേയര്‍ കീഴടക്കിയത്.
മത്സരത്തിനുള്ള സ്‌ക്വാഡിലേക്ക് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) മടങ്ങിയെത്തിയിട്ടുണ്ട്. ജോലി ഭാരം കണക്കിലെടുത്ത് നാലാം ടെസ്റ്റില്‍ ബുംറയ്‌ക്ക് മാനേജ്‌മെന്‍റ് വിശ്രമം അനുവദിച്ചിരുന്നു. പരിക്കേറ്റ കെഎല്‍ രാഹുല്‍ പുറത്തായി. ആദ്യ ടെസ്റ്റിനിടെ രാഹുലിന്‍റെ തുടയ്‌ക്കായിരുന്നു പരിക്ക് പറ്റിയത്.
ഇതേ തുടര്‍ന്ന് മറ്റ് മത്സരങ്ങള്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാലാം ടെസ്റ്റിന് ശേഷം 90 ശതമാനം ഫിറ്റ്‌നസിലേക്ക് എത്തിയെങ്കിലും കൂടതല്‍ സമയം നല്‍കാനാണ് മാനേജ്‌മെന്‍റ് തീരുമാനം. വിദഗ്‌ധ പരിശോധനകള്‍ക്കായി താരത്തെ ബിസിസി നിലവില്‍ ലണ്ടനിലേക്ക് അയച്ചിട്ടുണ്ട്.
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ദേവ്‌ദത്ത് പടിക്കൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.
ALSO READ: ജുറെലിന് എന്നല്ല, ആര്‍ക്കും ധോണിയാകാന്‍ കഴിയില്ല; വിശദീകരണവുമായി ഗവാസ്‌കര്‍