ധര്‍മ്മശാല: ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ പേസറായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ (James Anderson). ധര്‍മ്മശാലയില്‍ പുരോഗമിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് താരത്തിന്‍റെ ചരിത്രനേട്ടം (India vs England 5th Test). ഇന്ത്യൻ താരം കുല്‍ദീപ് യാദവിനെ (Kuldeep Yadav) പുറത്താക്കിയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ എലൈറ്റ് പട്ടികയില്‍ ഇടം പിടിയ്‌ക്കുന്ന ആദ്യ പേസറായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ മാറിയത് (James Anderson Become The First Pacer To Complete 700 Test Wickets).
ഇതിഹാസ സ്‌പിന്നര്‍മാരായ മുത്തയ്യ മുരളീധരൻ, ഷെയ്‌ൻ വോണ്‍ എന്നിവരാണ് മുന്‍പ് ടെസ്റ്റില്‍ 700-ല്‍ അധികം വിക്കറ്റുകള്‍ നേടിയ ബൗളര്‍മാര്‍. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഇവരാണ് മുന്നില്‍. 133 മത്സരങ്ങളിലെ 230 ഇന്നിങ്‌സില്‍ നിന്നും 800 വിക്കറ്റാണ് മുത്തയ്യ മുരളീധരന്‍റെ അക്കൗണ്ടിലുള്ളത്.
708 വിക്കറ്റാണ് പട്ടികയില്‍ രണ്ടാമനായ ഷെയ്‌ൻ വോണിന്‍റെ പക്കല്‍. 145 മത്സരങ്ങളിലെ 273 ഇന്നിങ്‌സുകളില്‍ നിന്നാണ് വോണ്‍ ഇത്രയും വിക്കറ്റുകള്‍ നേടിയത് (Most Wickets In Test Cricket). കരിയറില്‍ 700 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ആന്‍ഡേഴ്‌സണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. കരിയറിലെ 187-ാം മത്സരത്തിലാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ 700 വിക്കറ്റുകളെന്ന ചരിത്രനേട്ടത്തിലേക്ക് എത്തിയത് (James Anderson Stats In Test Cricket).
ധര്‍മ്മശാല ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ ഇന്ത്യൻ ഇന്നിങ്‌സിലെ 124-ാം ഓവര്‍ പന്തെറിയാൻ എത്തിയപ്പോഴായിരുന്നു ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആൻഡേഴ്‌സണ്‍ ചരിത്രം സൃഷ്‌ടിച്ചത്. ഓവറിലെ നാലാം പന്തില്‍ കുല്‍ദീപ് യാദവിനെ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്‌സിന്‍റെ കൈകളിലേക്കാണ് ആൻഡേഴ്‌സണ്‍ എത്തിച്ചത്. 69 പന്തില്‍ 30 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ കുല്‍ദീപ് യാദവിന്‍റെ സമ്പാദ്യം.
അതേസമയം, മത്സരത്തില്‍ രണ്ട് വിക്കറ്റാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ നേടിയത്. സെഞ്ച്വറി നേടിയ ശുഭ്‌മാൻ ഗില്ലിന്‍റെ വിക്കറ്റായിരുന്നു താരം നേരത്തെ സ്വന്തമാക്കിയത്. 16 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടാണ് മത്സരത്തില്‍ ആൻഡേഴ്‌സണിന്‍റെ രണ്ട് വിക്കറ്റ് നേട്ടം (James Anderson Stats In India vs England 5th Test).
Also Read : അമ്പമ്പോ ഇയാള്‍ എന്തൊരു മനുഷ്യനാ...!; ഗ്ലെൻ ഫിലിപ്‌സിന്‍റെ പറക്കും ക്യാച്ച്, അമ്പരന്ന് ലബുഷെയ്‌ൻ