മ്യൂണിക്ക്: യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ വിജയമധുരം രുചിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി. സിഗ്നല്‍ ഇദുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അല്‍ബേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ പോയ ശേഷമായിരുന്നു മത്സരത്തില്‍ ഇറ്റലിയുടെ തിരിച്ചുവരവ്.
മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി 23-ാം സെക്കൻഡില്‍ തന്നെ ഇറ്റലിയെ ഞെട്ടിക്കാൻ അല്‍ബേനിയക്കായി. അസൂറിപ്പടയുടെ പിഴവ് മുതലെടുത്തുകൊണ്ട് നെദിം ബജ്‌റാമിയായിരുന്നു അല്‍ബേനിയക്കായി ഗോള്‍ നേടിയത്. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായും ഇത് മറി.
എന്നാല്‍, പത്ത് മിനിറ്റിനിപ്പുറം ഇറ്റലി തിരിച്ചടിച്ചു. 11-ാം മിനിറ്റില്‍ അലസാന്‍ഡ്രോ ബസോണിയുടെ ഗോളിലാണ് ഇറ്റലി അല്‍ബേനിയക്കൊപ്പമെത്തിയത്. മിനിറ്റുകള്‍ക്കകം തന്നെ ലീഡ് പിടിക്കാൻ ഇറ്റലിക്കായി. 16-ാം മിനിറ്റില്‍ നിക്കോളോ ബരെല്ലെയാണ് ഇറ്റലിക്കായി രണ്ടാം ഗോള്‍ നേടിയത്.